ജയ്പൂര്‍: അറുപത്തിയെട്ടാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വ്യത്യസ്തമായ ആദരമൊരുക്കി ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍. നിസാന്റെ ജിടിആര്‍ എന്ന കാര്‍ കൊണ്ട് മണ്ണില്‍ ഡ്രിഫ്റ്റ് ചെയ്ത് ഇന്ത്യയുടെ ഭൂപടം ഒരുക്കിയാണ് നിസാന്റെ വ്യത്യസ്തമായ ആദരം.
രാജസ്ഥാനിലെ ജയ്പൂരിനു സമീപമുള്ള സാംഭര്‍ തടാകത്തിലെ വരണ്ട ഉപരിതലത്തിലാണ് ഈ ഭൂപടം ഡ്രിഫ്റ്റ് ചെയ്ത് വരച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ നീളവും 2.8 കിലോമീറ്റര്‍ വീതിയുമുള്ള ഭൂപടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 14.7 ചതുരശ്ര കിലോമീറ്ററാണ്. ജിപിഎസിന്റെ സഹായത്തോടെയാണ് ഈ ഭൂപടം ഡ്രിഫ്റ്റ് ചെയ്തെടുത്തിരിക്കുന്നത്.
ഇന്ത്യയ്ക്കുള്ള ആദരത്തിനൊപ്പം ജിടിആറിന്റെ കരുത്ത് ലോകത്തിനെ വിളിച്ചറിയിക്കുക എന്നത് കൂടിയാണ് നിസാന്റെ ലക്ഷ്യം. ഇതിനോടകം ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ കയറിപ്പറ്റിയിട്ടുണ്ട് ഈ പ്രകടനം. ഇതിന്റെ വീഡിയോയും നിസാന്‍ പുറത്തു വിട്ടിട്ടുണ്ട്. നിസാന്‍ കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ ഫഌഗ്ഷിപ്പ് സ്പോര്‍ട്സ് കാറായ ജിടിആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അത്യാധുനിക 3.8 ലിറ്റര്‍ വി സിക്സ് 24 വാല്‍വ് ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഈ ആഡംബര കാറില്‍ ഉള്ളത്. 6,800 ആര്‍പിഎമ്മും 570 പിഎസ് വരെ കരുത്തും 637 എന്‍എം വരെ ടോര്‍ക്കുമാണ് ഈ എഞ്ചിന്റെ ശേഷി. ആറ് സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ഉള്ളത്. വേഗത പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും മൂന്ന് സെക്കന്റുകള്‍ മതി ജിടിആറിന്.
Discussion about this post