വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മുസ്ലിങ്ങളെ അമേരിക്കയിലേക്കു വരുന്നതില്‍ നിന്നു വിലക്കിയ ഉത്തരവാണ് മരവിപ്പിച്ചത്. നിലവില്‍ വിസയുമായി യുഎസില്‍ എത്തിയവര്‍ക്ക് രാജ്യത്തു തന്നെ തുടരാമെന്നു ഫെഡറല്‍ കോടതി വിധിച്ചു. ബ്രൂക്ക്ലിന്‍ ഫെഡറല്‍ ജഡ്ജ് ആണ് ഉത്തരവിനു ഭാഗികമായ സ്റ്റേ ഏര്‍പ്പെടുത്തിയത്. അഭയാര്‍ഥികളായി അംഗീകരിച്ചവര്‍ക്കും സാധുവായ വിസയുള്ളവര്‍ക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഇന്നലെ ട്രംപിന്റെ ഉത്തരവ് ഇറങ്ങിയ ശേഷം യെമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ വിലക്കിയിരുന്നു.
ഇതേതുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.കോടതി ഉത്തരവിനെ ബോസ്റ്റണിലെ ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വിസ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഇസ്ലാമിക് ഭീകരര്‍ അമേരിക്കയില്‍ എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം.
ഭീകരതയെ നേരിടാനുള്ള ചില രാജ്യങ്ങള്‍ക്കാണ് വീസാവിലക്കെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്. യുഎസ് അഭയാര്‍ഥി പ്രവേശന പദ്ധതിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് കോടതി ഉത്തരവ്. ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പ്രസ്താവിച്ചു.
Discussion about this post