അങ്കത്തട്ടിലെ പോരാട്ടങ്ങളുടെ പേരിൽ മാത്രമല്ല, രാഷ്ട്രീയക്കളരിപ്പയറ്റുകൾ കൊണ്ടും ശ്രദ്ധാ കേന്ദ്രമായ മണ്ഡലം. വടകരയെ കോഴിക്കോട് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും രാഷ്ട്രീയ ബോധം ആറ്റിക്കുറുക്കിയെടുത്ത മണ്ഡലമെന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ ഉചിതം. ഇടത് അന്തർധാര സജീവമാണെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ എന്ന് ഉറപ്പിച്ച് പറയാനാവാത്ത ഇടം.
വിവിധ രാഷ്ട്രീയ ബാനറുകളിൽ ജനവിധി തേടിയിട്ടും കെ പി ഉണ്ണികൃഷ്ണനെന്ന നേതാവിനെ ആറ് തവണ തുണച്ച മണ്ഡലം. തിരഞ്ഞെടുപ്പുകളിലോരോന്നിലും സർപ്രൈസ് ഒരുക്കാൻ മുൻപന്തിയിലാണ് കടത്തനാട്ടുകാർ. വടകരക്കാരുടെ ഉള്ളിലെന്താണെന്ന പ്രവചനം അസാധ്യം. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും രണ്ട് സിറ്റിംഗ് എംഎൽഎമാരും ബിജെപിയുടെ യുവ മുഖങ്ങളിലൊരാളും ഏറ്റുമുട്ടുമ്പോൾ വീറും വാശിയും അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്.
വ്യത്യസ്തതകൾ ഏറെയുള്ള ഭൂപ്രകൃതിയാണ് വടകരയുടേത്. ഏഴ് നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്ന വടകരയിൽ തീരദേശവും ഇടനാടും മലയോരവുമെല്ലാം ഉൾപ്പെടും. തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നീ നിയോജക മണ്ഡലങ്ങൾ ചേരുന്നതാണ് വടകര ലോക്‌സഭാ സീറ്റ്. ഏഴിൽ ആറ്
നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചത് എൽഡിഎഫാണ്. വടകരയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ ആർഎംപി നേതാവ് കെ കെ രമ എംഎൽഎയായി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കഴിഞ്ഞ 15 വർഷമായി എൽഡിഎഫിന് അന്യമാണ് വടകര ലോക്സഭാ മണ്ഡലം. 2004 ൽ പി സതീദേവിയെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ചതിന് ശേഷം പിന്നീട് ഇടതിനെ തുണച്ചട്ടില്ല വടകരയിലെ വോട്ടർമാർ. ടി പി വധക്കേസും ആർഎംപി ഫാക്റ്ററും മണ്ഡലത്തിൽ ഇത്തവണ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയേണ്ടി വരും. എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാൻ കഴിയാത്ത വടകരയും മുസ്ലീം വോട്ടുകൾ അധികമുള്ള കുറ്റ്യാടിയും, നാദാപുരവും ആരുടെ കൂടെ നിൽക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വടകര ലോക്സഭാ മണ്ഡലത്തിന്റെ ഇത്തവണത്തെ വിധി.
1957 ൽ തുടങ്ങുകയാണ് മണ്ഡലത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം. അന്ന് മുതൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ മാറിയും മറിഞ്ഞും കിടക്കുന്നതാണ് വടകരയുടെ രാഷ്ട്രീയ മനസ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കെബി മേനോനാണ് വടകര ലോക്സഭാ മണ്ഡലത്തിലെ ആദ്യ എംപി. പണ്ട് കാലം മുതൽ സോഷ്യലിസ്റ്റുകൾക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള പ്രദേശം കൂടിയാണ് ഈ മേഖല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ ജയിപ്പിച്ച് വടകരക്കാർ യുഡിഎഫിനോടുള്ള പ്രതിബദ്ധത നിലനിർത്തി. പി ജയരാജൻ എന്ന കരുത്തനായ സിപിഎം സ്ഥാനാർത്ഥിയെ മുരളീധരൻ തോൽപ്പിച്ചത് 80,000 ത്തിലേറെ വോട്ടിനാണ്.
ഷാഫി പറമ്പിൽ
സിറ്റിംഗ് എംപിയ്ക്കായി പോസ്റ്ററുകളും ബാനറുകളും അച്ചടിച്ച് അണികൾ പ്രചരണം ചെറിയ രീതിയിൽ ആരംഭിച്ചതിന് ശേഷമാണ് കോൺഗ്രസ് വടകരയിൽ കെ മുരളീധരന് പകരം ഷാഫിയെ ഇറക്കിയത്. പത്മജയുടെ ബിജെപിയിലേക്കുള്ള പോക്കും, തുടർന്നു നടന്ന ചർച്ചകളുമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫിയെ കടത്തനാടിൽ ഇറക്കിയുള്ള ബലപരീക്ഷണത്തിന് കോൺഗ്രസ് നിർബന്ധിതരായെന്ന് വേണം പറയാൻ. വർഷങ്ങളായി വടകരയ്ക്ക് യുഡിഎഫ് മനസാണെന്നതാണ് കോൺഗ്രസിന്റെയും ഷാഫിയുടെയും ആത്മവിശ്വാസം. ഞാൻ വടകരയുടെ പുയാപ്ല എന്ന പേരിലാണ് ഷാഫി മണ്ഡലത്തിലുടനീളം പ്രചരണം നടത്തുന്നത്.
കെഎസ്യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച ഷാഫി പറമ്പിൽ, 2011 മുതൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായി തുടരുകയാണ്. പാലക്കാട് എംഎൽഎയെ വടകരയിൽ കൊണ്ടുവന്ന് കോൺഗ്രസ് നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പാളിയോ വിജയിച്ചോ എന്നതിനുള്ള ഉത്തരമാവും ഈ തിരഞ്ഞെടുപ്പ് ഫലം.
ഷൈലജ
ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ച് വടകരയിലേത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ പി ജയരാജനെ ഇറക്കി നാണം കെട്ട് തോറ്റുമടങ്ങിയ സിപിഎം, മഹാഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ വിജയിച്ച മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. ജനകീയ നേതാവായ ഷൈലജയുടെ സ്ഥാനാർഥിത്വം വഴി വടകര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലം എന്ന പ്രത്യേകതക്കൊപ്പം, രണ്ടു വനിതകളെ ജയിപ്പിച്ച ലോക്സഭാ മണ്ഡലമെന്ന സവിശേഷതയും വടകരയ്ക്ക് സ്വന്തമാണ്. ഇതെല്ലാം ഇക്കുറി ഷൈലജ ടീച്ചർക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെകെ ഷൈലജ, ഡിവൈഎഫ്‌ഐയിൽ പ്രവർത്തിച്ച് പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വരെയായ വനിതാ നേതാവാണ്. കോവിഡ് കാലത്തെ വിവാദങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ തെരഞ്ഞെടുപ്പ് ഗോദയിൽ ഷൈലജയ്ക്ക് കരിനിഴലാവുമോയെന്ന് കണ്ടു തന്നെ അറിയണം.
പ്രഫുൽ കൃഷ്ണ
ഇടത്-വലത് മുന്നണികൾ മാറിമാറി വാണ മണ്ഡലത്തിൽ പുതിയൊരു അവതാരപ്പിറവി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായ കുറ്റ്യാടിക്കാരൻ പ്രഫുൽ കൃഷ്ണ വടകരയിൽ അങ്കത്തിനൊരുങ്ങുമ്പോൾ വീര്യമേറും. മോദിയുടെ ഗ്യാരണ്ടിയുമായി വികസനമന്ത്രം മുഴക്കിയാണ്, വികസനം കളരിക്ക് പുറത്തായ മണ്ഡലത്തിൽ പ്രഫുൽ വോട്ട് തേടുന്നത്. എബിവിപിയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച് ഇപ്പോൾ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന പ്രഫുലിനെ സമര യൗവനത്തിന്റെ കരുത്തായാണ് ബിജെപിക്കാർ അവതരിപ്പിക്കുന്നത്.
ആദർശ രാഷ്ട്രീയത്തിന്റെ മാതൃക പിന്തുടർന്നെത്തിയ ഈ യുവനേതാവിന് വടകരയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ. ഓരോ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കുന്ന ട്രെൻഡാണ് വടകരയിൽ കാണുന്നത്. 2009ൽ കെപി ശ്രീശൻ മത്സരിച്ച സമയത്ത് ബിജെപിക്ക് ലഭിച്ചത് 40,391 വോട്ടുകളാണ്, വെറും 4.68 ശതമാനം. എന്നാൽ, 2014-ലിലും 2019-ലും ഇപ്പോഴത്തെ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവൻ മത്സരിച്ചപ്പോൾ വോട്ട് വിഹിതം ഇരട്ടിയോളമായി. വടകരയുടെ മണ്ണ് ഇത്തവണ താമരയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കളരിപ്പോരിനേക്കാൾ വീറും വാശിയും നിറഞ്ഞ പോരാട്ടമാകും ഇക്കുറി വടകരയിൽ നടക്കുകയെന്ന കാര്യം എന്തായാലും ഉറപ്പാണ്. മണ്ഡലം പിടിച്ചെടുക്കാനും നിലനിർത്താനും ഇടതും വലതും പടവെട്ടുമ്പോൾ, കടത്തനാടൻ മണ്ണിൽ ചരിത്രം കുറിക്കാനാണ് ബിജെപി കച്ചമുറുക്കുന്നത്.
Discussion about this post