ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാന്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം. ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശം വഴി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന പണം വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്നുമുള്ള പരാമര്‍ശമാണ് കേസിനാസ്പദം.
ജനുവരി 31ന് മൂന്നു മണിക്കു മുന്‍പായി നിയമനടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. ഗോവയിലെ വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ കേജ്രിവാളിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും കമ്മിഷന് വ്യക്തമാക്കിയിരുന്നു.
ഒരേ വിഷയത്തില്‍ രണ്ടാം തവണയായിരുന്നു അദ്ദേഹത്തെ ശാസിച്ചത്. 2015 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ടര്‍ പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് കേജ്രിവാളിനെ ശാസിച്ചത് ഉത്തരവില്‍ ഓര്‍മിപ്പിച്ചിരുന്നു.
കേജ്രിവാളിന്റെ വിവാദ വാക്കുകള്‍ ഇങ്ങനെ: ‘കോണ്‍ഗ്രസും ബിജെപിയും പണം വിതരണം ചെയ്യാനെത്തും. അയ്യായിരത്തിനു പകരം വിലക്കയറ്റം മനസ്സില്‍ കണ്ടു 10,000 രൂപ ചോദിക്കണം. പക്ഷേ, വോട്ട് എഎപിക്കു ചെയ്യുക.’ എന്നായിരുന്നു കേജ്രിവാളിന്റെ പ്രതികരണം. പ്രസ്താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
Discussion about this post