തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന് നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന് നായരും എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരനാണ് ഡയറക്ടര്‍ നാരായണന് നായര്‍. ഇദ്ദേഹത്തിന്റെ മകളാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.
എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുമ്പോള്‍ മാനേജ്മെന്റിനെ പിണക്കാതെ പ്രശ്നം പരിഹരിക്കാനാണ് സിപിഎം ശ്രമം. സമരം ഏറ്റെടുക്കാന്‍ സിപിഎം തയാറാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ എസ്എഫ്ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലൂടെ ഇതു കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി സമരമാണു നടക്കുന്നതെന്നും രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കോടിയേരി, ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തെ വിദ്യാര്‍ഥി സമരവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
ലോ അക്കാദമിയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് പ്രശ്നം ഒത്തുതീര്‍ക്കാന്‍ സി.പി.എം ശ്രമമുണ്ടായത്.
Discussion about this post