ബംഗളുരു: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെ മത്സരത്തില്‍ 75 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി പരമ്പര സ്വന്തമാക്കിയത്.
203 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. എട്ടു റണ്‍സിനിടെ എട്ടു വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ 13.2 ഓവറില്‍ രണ്ടിന് 119 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് തകര്‍ന്നത്. നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ചാഹലിനു പുറമേ മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും ബൗളിങ്ങില്‍ തിളങ്ങി. ട്വന്റി 20 യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമായിരുന്നു ചഹലിന്റെ ആറ് വിക്കറ്റ് നേട്ടം.
ഇംഗ്ലീഷ് നിരയില്‍ 42 റണ്‍സ് നേടിയ ജോ റൂട്ടിനും 40 റണ്‍സ് നേടിയ ഓയിന്‍ മോഗര്‍ഗനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഇവരെക്കൂടാതെ 32 റണ്‍സ് നേടിയ ഓപ്പണര്‍ ജേസണ്‍ റോയിയാണ് രണ്ടക്കം കടന്ന മറ്റൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍. ആറു ബാറ്റ്‌സ്മാന്മാര്‍ പൂജ്യരായി മടങ്ങി.
നേരത്തെ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ് ടത്തിലാണ് 202 റണ്‍സെടുത്തത്. 36 പന്തില്‍ 56 റണ്‍സെടുത്ത എം.എസ് ധോണിയും 45 പന്തില്‍ 63 റണ്‍സടിച്ച സുരേഷ് റെയ്‌നയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റെയ്‌നയുടെ ബാറ്റില്‍ നിന്ന് അഞ്ചു സിക്‌സും രണ്ടു ഫോറും പിറന്നപ്പോള്‍ ധോണി രണ്ട് സിക്‌സും അഞ്ചു ഫോറും നേടി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടപ്പെട്ടു. നാല് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത കോലിയെ ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലും റെയ്‌നയും ചേര്‍ന്ന് ആറു ഓവറില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ സ്റ്റോക്ക്‌സും പുറത്തായ ശേഷം ക്രീസിലെത്തിയ ധോനി റെയ്‌നക്കൊപ്പം ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
യുവരാജ് സിങ്ങ് 10 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ സ്‌കോറിങ് വേഗത കൂട്ടിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 200 കടന്നു.
Discussion about this post