സിഡ്നി: ഓസ്ട്രേലിയയില്‍ പുരോഹിതര്‍ 4444 കുട്ടികളെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോയല്‍ കമ്മീഷന് റിപ്പോര്‍ട്ട്. 1950-2015 കാലഘട്ടത്തിനുള്ളില്‍ 7% കാത്തലിക് പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അമേരിക്ക, അയര്‍ലന്റ്, ബ്രസീല്‍, നെതര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാര് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓസ്ട്രേലിയയില്‍ നിന്നും ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. ഓസ്ട്രേലിയ റോയല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നുമായി ശരാശരി 11 വയസ് പ്രായം വരുന്ന 4444 കുട്ടികളാണ് പീഡനത്തിന് ഇരയായത്. കണക്കെടുപ്പില്‍ 1900 കുറ്റവാളികളെ കണ്ടെത്തി. 500 പേരെ ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്നെസ്റ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയത്തില്‍ രൂപത അലംഭാവം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയായ കുട്ടികളെ ശിക്ഷിക്കുകയും കുറ്റാരോപിതരെ സ്ഥലം മാറ്റുകയുമാണ് രൂപത ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതുമാണ് ചൂഷണങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് ഫര്നെസ്റ്റ് പറയുന്നു.
Discussion about this post