”തമിഴ് ജനതയെ പിന്തുണയ്ക്കുന്ന ആരുടേയും സഹായം സ്വീകരിക്കും, കേന്ദ്രം തമിഴ് ജനതയ്ക്കൊപ്പമാണ്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട എഡിഎംകെ സ്ഥാപക നേതാവും, മുന്‍ സ്പീക്കറുമായി പി.എച്ച് പാണ്ഡ്യന്റെ വാക്കുകളാണ് ഇത്. ശശികല നടരാജനെതിരായ നീക്കങ്ങളില്‍ പനീര്‍ശെല്‍വത്തിനും സംഘത്തിനും കേന്ദ്രസര്‍ക്കാരിന്റെയും ബിജപിയുടെയും പിന്തുണയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. ജയലളിതയുടെ മരുമകള്‍ ദീപയുടേത് ഉള്‍പ്പെടെ പിന്തുണക്കുന്നവരെ സ്വീകരിക്കുമെന്നും പാണ്ഡ്യന് പറഞ്ഞിരുന്നു.
ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അണ്ണാ പി.എച്ച് പാണ്ഡ്യന് ഇന്നലെ രംഗത്തെത്തിയിരുന്നു.ഇതിന് പിറകെയാണ് അമ്മയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പനീര്‍ശെല്‍വത്തിനൊപ്പം പാണ്ഡ്യന് രംഗത്തെത്തിയത്.
ശശികല നടരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഇടങ്കോലിട്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന വിലയിരുത്തല്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് തമിഴകത്തിന്റെ ഒപ്പമാണ് കേന്ദ്രസര്‍ക്കാര്‍ എന്ന പാണ്ഡ്യന്റ പ്രഖ്യാപനം. നേരത്തെയും ഒ പനീര്‍ശെല്‍വത്തെ കേന്ദ്രസര്‍ക്കാരും ബിജപിയും പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജെല്ലിക്കെട്ട് സംബന്ധിച്ച ചര്‍ച്ചക്കെത്തിയ പനീര്‍ശെല്‍വത്തെ സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ എഐഎഡിഎംകെ നേതാവ് തമ്പി ദുരൈ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിഗണന നല്‍കിയിരുന്നില്ല.
ജയലളിതയുടെ മരണവിവരം പുറത്ത് വിടുന്നതിന് മുമ്പ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത് കേന്ദ്രമന്ത്രിമാരുടെ ഉപദേശപ്രകാരമായിരുന്നു എന്ന വാര്‍ത്തകളും പുറത്ത് വിട്ടിരുന്നു.
ശശികലയ്ക്ക് തമിഴ് നാട്ടിലെ ജനങ്ങളുടെ പിന്തുണ ഇല്ലെന്നും, ഇക്കാര്യത്തില്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടമെന്നും ആണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും നിലപാട്.
Discussion about this post