തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘങ്ങളും അരങ്ങ് തകര്‍ക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പായ ആഭ്യന്തരത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയും കഴിവുകേടും കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട് കിഴക്കഞ്ചേരിയില്‍ സിപിഐഎം- ബിജെപി സംഘര്‍ഷത്തിനിടെ നിരവധി വീടുകള്‍ അടിച്ചു തകര്‍ത്തു. കണ്ണൂര്‍ മാടായി സഹകരണകോളേജില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് കത്തിക്കുകയും കോളേജിന് നാശനഷ്ടം വരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ മൂന്ന് യുവാക്കളെ മദ്യപിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി പീഡിപ്പിച്ചുവെന്നും ചെന്നിത്തല സൂചിപ്പിച്ചു. ഒരു ഭാഗത്ത് ഗുണ്ടാ സംഘങ്ങള്‍ ഇങ്ങനെ അഴിഞ്ഞാടുമ്പോള്‍ മറുഭാഗത്ത് എസ്എഫ്ഐ കലാലയങ്ങളില്‍ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിലും എസ്എഫ്ഐക്കാര്‍ സദാചാര പൊലീസ് ചമഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ലോഅക്കാദമി സമരത്തില്‍ മുഖം നഷ്ടപ്പെട്ട എസ്എഫ്ഐ ഇതോടെ ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ അപഹാസ്യരാവുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുക്കേണ്ട പൊലീസ് പകച്ച് നില്‍ക്കുകയുമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Discussion about this post