മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കരുണ്‍ നായര്‍, ജയന്ത് യാദവ് എന്നിവര്‍ ഓസ്ട്രേലിയക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇടം നേടി.
പരുക്ക് മൂലം ടീമില്‍ നിന്നും പുറത്തായ പേസര്‍ മുഹമ്മദ് ഷാമി, ലെഗ് സ്പിന്നര്‍ അമിത് മിശ്ര, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചില്ല. അതേസമയം, ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ ഇടം കണ്ടെത്തി.
നായകന് വിരാട് കോഹ്ലിയ്ക്ക് കീഴിലുള്ള ടീമില്‍ മുരളി വിജയ്, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കരുണ്‍ നായര്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇടം നേടി.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയ്ക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 23 ന് പൂനെ മഹാരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ബംഗളൂരുവില്‍ മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ നടക്കും. മാര്‍ച്ച് 16 മുതല്‍ 20 വരെ റാഞ്ചിയില്‍ മൂന്നാം ടെസ്റ്റും, മാര്‍ച്ച് 25 മുതല്‍ 29 വരെ ധര്‍മ്മശാലയില്‍ നാലാം ടെസ്റ്റും നടക്കും.
പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം തിങ്കളാഴ്ച ഇന്ത്യയിലെത്തി. നായകന് സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ടീം എത്തിയത്. ഈ മാസം 17 മുതല്‍ 19 വരെ ഹര്‍ദീക് പാണ്ഡ്യെ നയിക്കുന്ന ഇന്ത്യ എ ടീമുമായി ഓസീസ് പരിശീലന മല്‍സരം കളിക്കും.
Discussion about this post