തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. നെഹ്‌റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. വിമാനത്താവളങ്ങളില്‍ സര്‍ക്കുലര്‍ വിതരണം ചെയ്ത് ജാഗ്രതാ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കൃഷ്ണദാസാണു കേസിലെ ഒന്നാംപ്രതി. നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, കോളജ് ആഭ്യന്തര ഇന്‍വിജിലേറ്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ സി.പി.പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, കോളജിലെ പരീക്ഷാ ചുമതലയുള്ള അധ്യാപകന്‍ ദിപിന്‍ എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പ്രതികളാണ്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇവരില്‍ ഒരാളെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനം.
ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 120 ബി), ആത്മഹത്യാ പ്രേരണ (സെക്ഷന്‍ 306), പണം തട്ടല്‍ (സെക്ഷന്‍ 384), വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 465), വഞ്ചന (സെക്ഷന്‍ 468) എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം ചുമത്തിയിട്ടുള്ളത്. ഇതില്‍ മൂന്നു വകുപ്പുകള്‍ ജാമ്യം ലഭിക്കാത്തവയാണ്.
കോപ്പിയടിച്ചെന്ന കെട്ടുകഥ ഉണ്ടാക്കി കോളജ് മാനേജ്‌മെന്റ് ജിഷ്ണുവിനെ കുടുക്കുകയായിരുന്നു എന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ജിഷ്ണുവിനോടു മാനേജ്‌മെന്റിന് ഉണ്ടായിരുന്ന വൈരാഗ്യമാണു ഗൂഢാലോചന നടത്തി കോപ്പിയടിക്കേസില്‍ കുടുക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസും പിആര്‍ഒ സഞ്ജിത്തും ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളികളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിനെ മര്‍ദിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ചേര്‍ത്താണു പ്രതികള്‍ക്കെതിരെ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘം ചേര്‍ന്നു മര്‍ദിക്കല്‍, മുറിവേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയും അതില്‍പ്പെടും.
Discussion about this post