കോയമ്പത്തൂർ; ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ബിഗ് ബോസ് താരത്തെ കുരങ്ങ് ആക്രമിച്ചു. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 16 ലെ പ്രായം കുറഞ്ഞ മത്സരാർത്ഥി സുംബൂൽ തൗഖീർ ഖാനാണ് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
നടി ഉൽക്ക ഗുപ്തയുമൊത്താണ് സുംബൂൽ ഊട്ടിയിലെത്തിയത്. കാലിനാണ് കുരങ്ങിന്റെ കടിയേറ്റത്. പിന്നീട് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ച കുരങ്ങിന്റെയും കാലിലെ മുറിവിന്റെയും ചിത്രം ഇൻസ്റ്റഗ്രാമിൽ സുംബൂൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രി ബെഡ്ഡിൽ ഇരിക്കുന്ന ചിത്രവും ഇതിലുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതോടെ ക്ഷേമവിവരം അന്വേഷിച്ച് ആരാധകരും ഇൻസ്റ്റഗ്രാമിലെത്തി. ഏറെ ആരാധകരുളള ബിഗ്‌ബോസ് താരം കൂടിയാണ് സുംബൂൽ. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൻ ഫോളോവേഴ്‌സാണ് സുംബുലിനുളളത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ജീവിതത്തിലെ ഓരോ അപ്‌ഡേറ്റും സുംബൂൽ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.










