മുംബൈ: മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്‌സ് മുംബൈയിലെ ആർബിഐ ആസ്ഥാനം സന്ദർശിച്ചു. റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസുമായും അദ്ദേഹം ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആർബിഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ആർബിഐ ഗവർണറുമായുളള ചർച്ചയിൽ വിവിധ വിഷയങ്ങൾ ഇടംപിടിച്ചതായും ട്വീറ്റിൽ പറയുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് ബിൽഗേറ്റ്‌സ് ഇന്ത്യയിൽ എത്തുന്നത്. ലോകം ഭാവിയിൽ നേരിടാൻ പോകുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂവെന്നും അക്കാര്യത്തിൽ ഇന്ത്യയിലാണ് തനിക്ക് ഏറെ പ്രതീക്ഷയുളളതെന്നും ബിൽഗേറ്റ്‌സ് തന്റെ ബ്ലോഗിൽ തുറന്നുപറഞ്ഞിരുന്നു.
ഇന്ത്യയിലെ സംരംഭകരുടെയും ഇന്നൊവേറ്റേഴ്‌സിന്റെയും പ്രവർത്തനങ്ങൾ നേരിൽ കാണാനും മനസിലാക്കാനുമാണ് തന്റെ സന്ദർശനമെന്നും ബിൽഗേറ്റ്‌സ് സൂചിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഈ വെല്ലുവിളികൾ ഒക്കെ നമുക്ക് പരിഹരിക്കാനാകും. ഇന്ത്യയെപ്പോലെ ഇത്തരം വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ച മറ്റൊരു ഉദാഹരണമില്ലെന്നു ബിൽഗേറ്റ്‌സ് ചൂണ്ടിക്കാട്ടി.
വ്യവസായി ആനന്ദ് മഹീന്ദ്രയെയും ബിൽഗേറ്റ്‌സ് സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ ഐടിയോ മറ്റ് ബിസിനസുകളോ ചർച്ചകളിൽ ഉണ്ടായിരുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ പല തരത്തിലും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് മാത്രമായിരുന്നു ചർച്ചയെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെ വനിതകളുടെ സാമ്പത്തിക കരുത്ത് എങ്ങനെ ഉയർത്താമെന്നതാണ് ആനന്ദ് മഹീന്ദ്രയുമായി ചർച്ച ചെയ്തതെന്ന് ബിൽഗേറ്റ്‌സും ട്വിറ്ററിലൂടെ അറിയിച്ചു. കാർഷിക മേഖലയിലും ഡിജിറ്റൽ ധനകാര്യ സേവനം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായതായി അദ്ദേഹം പറഞ്ഞു.
Discussion about this post