കൊൽക്കത്ത: ബംഗാളിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ബുരാൻ മുർമുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 കാരനായ ബുരാനും മരമുകളായിരുന്ന ഷർമിലയും പരസ്പരം എതിർസ്ഥാനാർത്ഥികളായിരുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഷർമില. വോട്ടെണ്ണലിൽ, തന്റെ ഭർതൃ പിതാവ് വിജയിച്ചതിൽ വിഷമമുണ്ടായിരുന്നു. ഇതേ തുടർന്ന് ബിജെപി പ്രവർത്തകനായ ബുരാൻ മുർമുവിനെ കൊല്ലാൻ ഷർമില ഗൂഢാലോചന നടത്തിയെന്നാണു പ്രദേശവാസികൾ ആരോപിക്കുന്നത്. ബിരാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇതാണ് മരണം കൊലപാതകമാണെന്ന ആരോപണം ഉയരാൻ കാരണം.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ബുറാൻ തന്റെമകൻ ബിപ്ലബിനും മരുമകൾ ഷർമിള മുർമുവിനും ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്നതായാണ് വിവരം. മരുമകൾ ഷർമിള മുർമുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്ത്, ബുരാൻ മുർമുവിന്റെ മകൻ ബിപ്ലബ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഷർമില തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ തൃണമൂൽ പ്രവർത്തകർ ബുരാനെ ഉപദ്രവിച്ചിരുന്നെന്നു ബിജെപി എംപി കാഖെൻ മുർമു ആരോപിച്ചു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സത്യം പുറത്തുവരൂവെന്നും വിഷയം രാഷ്ട്രീയമല്ലെന്നും കുടുംബ വഴക്കിന്റെ ഫലമാകാമെന്നും ഒരു പ്രാദേശിക തൃണമൂൽ നേതാവ് പറഞ്ഞു.
Discussion about this post