ധർവാദ്; കർണാടകയിലെ ധർവാദിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും നിർവ്വാഹക സമിതിയംഗവുമായ പ്രവീൺ കമ്മാർ (36) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബംഗലൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ പ്രതികരിച്ചു.
സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകം. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഒരു സംഘം പ്രവീണിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് എസ്ഡിഎം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഥലത്ത് ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പ്രവീൺ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെ ഒരു സംഘമെത്തി പ്രവീണിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും അടിവയറിനുമാണ് കുത്തേറ്റത്.
പ്രവീണിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ധർവാദ് റൂറൽ എംഎൽഎ അമൃത് ദേശായ് എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു.









Discussion about this post