ചണ്ഡീഗഡ്: മാതാപിതാക്കൾ മരിച്ചതിനു ശേഷം വീടിനു പുറത്തിറങ്ങാതെ സഹോദരങ്ങൾ താമസിച്ചത് ഇരു പത് വർഷം. സന്നദ്ധ സംഘടനകളും പോലീസും ഇടപെട്ട് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരെ കെയർ ഹോമിലേക്ക് മാറ്റും. ഹരിയാനയിലെ അംബാലയിലാണ് സംഭവം.
ഇന്ദു , സുനിൽ എന്നീ സഹോദരങ്ങളാണ് അച്ഛൻ സൂര്യ പ്രകാശ് ശർമ്മ മരിച്ചതിനു ശേഷം വീടിനു പുറത്തിറങ്ങാതെ കഴിഞ്ഞത്. വിഷാദ രോഗം ബാധിച്ച ഇരുവരും ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം നിർബന്ധിച്ചിട്ടും പുറത്തുവരാൻ കൂട്ടാക്കിയില്ല. അയൽക്കാർ കൊടുക്കുന്ന ഭക്ഷണം കഴിച്ചായിരുന്നു ഇരുവരും ജീവിച്ചിരുന്നത്. ഇതിൽ ഇന്ദു ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ്.
മനുക്ത , വന്ദേമാതരം ദൾ എന്നീ സംഘടനകളാണ് ഇരുവരേയും കണ്ടെത്തി രക്ഷിച്ചത്. ലുധിയാനയിൽ എത്തിച്ച സഹോദരങ്ങൾക്ക് ആവശ്യമായ ഭക്ഷണവും താമസവും ഒപ്പം ആരോഗ്യ സംരക്ഷണവും ഒരുക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും വിഷാദ രോഗത്തിന് അടിമപ്പെട്ട ഇരുവരേയും ആവശ്യമായ കൗൺസലിംഗും മറ്റും നൽകി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുമെന്നും മനുക്ത സംഘടനയിലെ അംഗം മിന്റു മാൾവ വ്യക്തമാക്കി.
Discussion about this post