2026-ലെ ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ പോകുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും നിർണ്ണായകമായ താരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സ്. പാണ്ഡ്യ ഒരു സുപ്രധാന താരമാണെന്നും ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിലെ വലിയൊരു മുതൽക്കൂട്ടാണെന്ന് ഡിവില്ലിയേഴ്സ് നിരീക്ഷിച്ചു. “ഹാർദിക് ക്രീസിലെത്തിയാൽ എതിർ ടീമുകൾക്ക് ഒരു ഭയമുണ്ടാകും. മൂന്നോ നാലോ ഓവർ അദ്ദേഹം ബാറ്റ് ചെയ്താൽ കളി കൈവിട്ടുപോകുമെന്ന് അവർക്കറിയാം,” ഡിവില്ലിയേഴ്സ് പറഞ്ഞു.
ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖർ ടീമിലില്ലാത്തത് നിർഭാഗ്യകരമാണെന്നും എന്നാൽ ഹാർദിക്കിന്റെ സാന്നിധ്യം ആ കുറവ് നികത്തുമെന്നും അദ്ദേഹം വിലയിരുത്തി. യശസ്വി ജയ്‌സ്വാളിന് പകരം ഇഷാൻ കിഷനെ ടീമിലെടുത്തതിനെക്കുറിച്ചും ഡിവില്ലിയേഴ്സ് സംസാരിച്ചു. ഒരു ലോകകപ്പ് ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ നിർബന്ധമാണെന്നും ജയ്‌സ്വാളിന് വിക്കറ്റ് കീപ്പിംഗ് വശമില്ലാത്തതുകൊണ്ടാണ് കിഷന് മുൻഗണന ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പൺ ചെയ്യാനാണ് നിലവിൽ സാഹചര്യത്തിൽ സാധ്യത. ഇതിൽ ആരെങ്കിലും ഫ്ലോപ്പായാൽ മാത്രം ആ സ്ഥാനത്ത് ഇഷാൻ വന്നേക്കും.













Discussion about this post