സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലാണ് സംഭവം. ഹമീർപൂർ ജൽ സൻസ്ഥാനിലെ മൗദ തെഹ്‌സിലിൽ ജോലി ചെയ്യുന്ന അബ്ദുൾ സലാം എന്ന അരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്യുകയുമായിരുന്നു ഇയാൾ.
നാലാം ക്ലാസ് ജീവനക്കാരനായ പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ വീണ്ടും ചൂഷണം ചെയ്തത്. ഭയം കാരണം പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാദർ കോട്‌വാലി പോലീസ് പോക്സോ, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും വൈദ്യപരിശോധന പൂർത്തിയാക്കിയതായും ഇൻസ്‌പെക്ടർ ഡി.കെ. മിശ്ര അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിലായതിന് പിന്നാലെ പ്രതിക്കെതിരെ ജൽ സൻസ്ഥാൻ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിച്ചു. ജനറൽ മാനേജർ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുമ്പും സഹപ്രവർത്തകരോടും ഉദ്യോഗസ്ഥരോടും മോശമായി പെരുമാറിയ ചരിത്രം ഇയാൾക്കുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ പതിവായിരുന്നു.
കഴിഞ്ഞ ഡിസംബർ 31-ന് എക്‌സിക്യൂട്ടീവ് എൻജിനീയറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്. മൗദയിലെ ജൽ സൻസ്ഥാൻ ക്യാമ്പസിനുള്ളിൽ തന്നെയായിരുന്നു പ്രതി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികളും വാട്ടർ ടാക്സ് ബിൽ വിതരണവുമായിരുന്നു ഇയാളുടെ ചുമതലകൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.










Discussion about this post