പനാജി : ഗോവയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ കൂട്ടരാജി. മുൻ പ്രസിഡണ്ടും നിലവിലെ വർക്കിംഗ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സംഘമാണ് രാജിവെച്ചത്. ആം ആദ്മി പാർട്ടി ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് നേതാക്കളുടെ രാജി. മുൻ ഗോവ പ്രസിഡന്റ് അമിത് പലേക്കർ, നിലവിലെ വർക്കിംഗ് പ്രസിഡന്റ് ശ്രീകൃഷ്ണ പരബ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേതൻ കാമത്ത്, സർഫറാസ്, ഗോവ സംസ്ഥാന യുവജന വിഭാഗം പ്രസിഡന്റ് റോഹൻ നായിക്, മറ്റ് ഭാരവാഹികൾ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗോവയിൽ അടുത്തിടെ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ദയനീയമായ തോൽവിയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. ഇതേത്തുടർന്ന് സംസ്ഥാന പ്രസിഡണ്ട് അമിത് പലേക്കറെ അടുത്തിടെ ദേശീയ നേതൃത്വം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആയ ശ്രീകൃഷ്ണ പരബിന് ആക്ടിംഗ് പ്രസിഡന്റിന്റെ അധിക ചുമതല നൽകി. പലേക്കറെ സ്ഥാനത്തുനിന്ന് നീക്കിയ ദേശീയ നേതൃത്വത്തിന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വർക്കിംഗ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ചിരിക്കുന്നത്.
സംഭാഷണങ്ങളും കൂടിയാലോചനകളും ഇല്ലാതെയാണ് നേതൃത്വം തീരുമാനമെടുക്കുന്നതെന്ന് രാജിവച്ച നേതാക്കൾ വിമർശിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങൾ വ്യക്തികളെയല്ല, സ്ഥാപനങ്ങളെയാണ് ദുർബലപ്പെടുത്തുന്നതെന്ന് പലേക്കർ പറഞ്ഞു. ജനാധിപത്യ പ്രവർത്തനത്തെ പുനർനിർവചിക്കാൻ പുറപ്പെട്ട ഒരു പ്രസ്ഥാനത്തിന്, ഈ ഭിന്നത അങ്ങേയറ്റം നിരാശാജനകമാണ്. അതിനാൽ തന്നെ പാർട്ടിയോടൊത്തുള്ള ഈ യാത്ര ഒരു ഖേദവും ഇല്ലാതെ അവസാനിപ്പിക്കുകയാണ് എന്നും അമിത് പലേക്കർ അറിയിച്ചു.









Discussion about this post