ഷില്ലോംഗ്: നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മേഘാലയയിൽ നിന്നും കള്ളപ്പണം പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശിൽ നിന്നും എത്തിച്ച പണമാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു രണ്ട് വ്യത്യസ്ത സംഭവങ്ങളിലായിപണം പിടികൂടിയത്. കിഴക്കൻ ഖാസി ഹിൽസിലെ സീറോ ലൈനിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ ഇന്തോ- ബംഗ്ലാ അതിർത്തി വഴി സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ 18 ലക്ഷം ബംഗ്ലാദേശ് കറൻസി പിടികൂടുകയായിരുന്നു. പണം കടത്താൻ ശ്രമിച്ചയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ബിഎസ്എഫ് ഊർജ്ജിതമായി തുടരുകയാണ്.
റെയ്ഗ്ങ്കു ഗ്രാമത്തിൽ നിന്നായിരുന്നു രണ്ടാമത് പണം പിടികൂടിയത്. അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.12 ലക്ഷം ബംഗ്ലാദേശ് കറൻസിയാണ് പിടികൂടിയത്. ഈ പണം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഉൾപ്പെടെ ശക്തമായ നിരീക്ഷണമാണ് ബിഎസ്എഫ് തുടരുന്നത്. തിങ്കളാഴ്ച രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിക്കുക. വെെകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അടുത്ത മാസം രണ്ടിനാണ്.









