കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഫോണും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. എംപി എന്ന നിലയിൽ നൽകിയ സൗജന്യ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്.
04936209988 എന്ന നമ്പരിലുളള കണക്ഷനാണ് വിച്ഛേദിച്ചത്. പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചതോടെ രാഹുൽ എംപി സ്ഥാനത്ത് നിന്നും അയോഗ്യനായിരുന്നു. ഇത് കണക്കിലെടുത്താണ് ബിഎസ്എൻഎൽ നടപടി.
ചൊവ്വാഴ്ച എംപി ഓഫീസിൽ ബന്ധപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് വൈകിട്ടോടെ കണക്ഷൻ റദ്ദാക്കിയത്. മാർച്ച് 23 നാണ് സൂററ്റ് കോടതി രാഹുലിനെ ശിക്ഷിച്ചത്. തുടർന്ന് 24 ന് രാഹുലിനെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം വിധിക്കെതിരെ രാഹുൽ അപ്പീൽ നൽകിയിരുന്നു. ഇത് മെയ് മൂന്നിന് പരിഗണിക്കും. ഈ മാസം 11 ന് രാഹുൽ വയനാട്ടിൽ സന്ദർശനത്തിന് എത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. വയനാട്ടിലെത്തിയാലും അയോഗ്യനാക്കപ്പെട്ടതിനാൽ ജനപ്രതിനിധിയെന്ന നിലയിൽ രാഹുലിന് ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടാനാകില്ല.
Discussion about this post