ലക്‌നൗ; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ കേസെടുത്ത് സിബിഐ. റിട്ട. ജസ്റ്റീസ് എസ് എൻ ശുക്ലയ്‌ക്കെതിരെയാണ് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തത്.
2014 ഏപ്രിൽ ഒന്ന് മുതൽ 2019 ഡിസംബർ ആറ് വരെയുളള കാലയളവിൽ വരവിൽ കവിഞ്ഞ തുകയ്ക്ക് സ്വത്തുക്കൾ വാങ്ങിയെന്നും ചെലവഴിച്ചുവെന്നുമാണ് കണ്ടെത്തിയത്. ഇക്കാലയളവിൽ എസ്.എൻ ശുക്ലയുടെ വെളിപ്പെടുത്തിയ വരുമാനസ്രോതസുകളിൽ നിന്നുളള വരുമാനം 1.5 കോടി രൂപ മാത്രമാണ്. എന്നാൽ ഏകദേശം നാല് കോടിയോളം രൂപ അദ്ദേഹം ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
അഴിമതി തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ രണ്ടാം ഭാര്യ സുചിത തിവാരി, ഭാര്യാസഹോദരൻ സെയ്ദീൻ തിവാരി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലക്‌നൗവിലെ ശുക്ലയുടെ വീട്ടിലും ഭാര്യാ സഹോദരന്റെ അമേതിയിലെ വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.
സെയ്ദീൻ തിവാരിയുടെ പേരിൽ ഇവർ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ ഉൾപ്പെടെ രേഖകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. 2012 ൽ 3.6 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി 2014 ൽ ഇവർ വിൽപന നടത്തിയത് 30 ലക്ഷം രൂപയ്ക്കാണ്. 2013 ൽ 3 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി 2017 ൽ 70 ലക്ഷം രൂപയ്ക്ക് വിറ്റതായും കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥനായ സെയ്ദീൻ ഇതുവരെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post