ജെഡിയു മേധാവി നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൃത്യമായ രാഷ്ട്രീയ തന്ത്രത്തിൻറെ ശക്തമായ പ്രതിഫലനമാണ് ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയം. ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരിക്കുകയാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. തിരഞ്ഞെടുപ്പ് വിജയത്തിൽ സമൂഹമാദ്ധ്യമങ്ങളിലും ഇന്ത്യയിലെ യുവാക്കളുടെ ഹൃദയത്തിലും താരമാവുകയാണ് ചിരാഗ് പാസ്വാൻ. മോദിയുടെ ഹനുമാൻ എന്നാണ് സമൂഹമാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ബീഹാർ രാഷ്ട്രീയത്തിലെ അതികായനായിരുന്ന രാം വിലാസ് പാസ്വാൻറെ മകനാണ് ചിരാഗ് പാസ്വാൻ (ലോക ജനശക്തി പാർട്ടി – രാം വിലാസ്)
രാഷ്ട്രീയ ഇടനാഴികളിൽ സ്വന്തമായി ഒരിടം കണ്ടെത്താൻ ഒരു യുവനേതാവ് നടത്തിയ പോരാട്ടത്തിൻ്റെ മനോഹരമായ കഥയാണ് ചിരാഗ് പാസ്വാൻ ബിഹാറിലെ മിന്നും വിജയത്തോടൊപ്പം പറഞ്ഞുവെയ്ക്കുന്നത്. കനത്ത വെല്ലുവിളികൾ നിറഞ്ഞ രാഷ്ട്രീയ യാത്ര അവിശ്വസനീയമായ തിരിച്ചുവരവ് കൊണ്ട് അടയാളപ്പെടുത്തിയിരിക്കുകയാണ് ഇന്ന് ചിരാഗ്.
എൻഡിഎയിലെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് ലോക് ജനശക്തി പാർട്ടി. 29 മണ്ഡലങ്ങൾ ആണ് എൻഡിഎ ചിരാഗ്പാസ്വാൻറെ പാർട്ടിക്ക് മത്സരിക്കാൻ ഇടം നൽകിയത്. ഇരുപതിലധികം സീറ്റുകളിൽ വിജയം നേടി തൻറെ രാഷ്ട്രീയമികവ് തെളിയിക്കുകയാണ് ഈ യുവതുർക്കി.
2020-ൽ, ജെഡിയു മേധാവി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അന്ന് എൽജെപി സ്വതന്ത്രമായി മത്സരിക്കുകയായിരുന്നു. 130-ലധികം സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. പാർട്ടിക്ക് മാന്യമായ വോട്ട് വിഹിതം നേടാനും നിരവധി സീറ്റുകളിൽ ജെഡിയുവിന് വെല്ലുവിളി ഉയർത്താനും അന്ന് ചിരാഗിന് കഴിഞ്ഞു. രാഷ്ട്രീയ നിരീക്ഷകർ പലരും അദ്ദേഹത്തെ എഴുതിത്തള്ളി. അടുത്ത വർഷം, 2021-ൽ, പിതാവിൻ്റെ പാരമ്പര്യത്തിനായി സ്വന്തം അമ്മാവനായ പശുപതി കുമാർ പരസ് രംഗത്തെത്തിയതോടെ പാർട്ടി പിളർന്നു. ചിരാഗിൻറെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അന്ന് കൊടുമ്പിരികൊണ്ടു.
എന്നാൽ, 43 വയസ്സുകാരനായ ചിരാഗ്, പ്രതീക്ഷകൾക്ക് മുകളിൽ ഒരു പുനർജന്മം തേടി. ‘യുവ ബിഹാരി’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, അദ്ദേഹം ദളിത് സമൂഹത്തിൻറെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയെന്ന തൻറെ പാർട്ടിയുടെ വേരുകളിൽ ഉറച്ചുനിന്നു. കഠിനാധ്വാനവും ആത്മാർത്ഥതയും ഫലം കണ്ടു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, അദ്ദേഹം മത്സരിച്ച സീറ്റുകളിൽ നൂറു ശതമാനം വിജയം നേടി മുന്നിലെത്തി. ഇത് അദ്ദേഹത്തെ ബീഹാറിലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവാക്കി മാറ്റി.
തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിൽ നിന്ന് 29 സീറ്റുകൾ അദ്ദേഹം നേടിയെടുത്തു. ബീഹാറിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചിരാഗ് പാസ്വാൻ എന്ന യുവരാഷ്ട്രീയ നേതാവിൻറെ കരിഷ്മ തെളിയിക്കുന്നതായിരുന്നു. തനിക്ക് ലഭിച്ച 29 സീറ്റുകളിൽ 21-ലും അദ്ദേഹം മുന്നേറ്റമുണ്ടാക്കി. 72 ശതമാനം എന്ന ഈ വിജയശതമാനം, വെല്ലുവിളികളെ തൻറെ രാഷ്ട്രീയ മൂലധനമാക്കി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവാണ് കാണിക്കുന്നത്.
ബീഹാറിൻ്റെ രാഷ്ട്രീയ വേദിയിൽ പുതിയ തലമുറയുടെ പ്രതീക്ഷയായി അദ്ദേഹം വളർന്നു നിൽക്കുന്നു. ഉന്നതമായ സ്ഥാനങ്ങൾ സ്വപ്നം കാണുന്ന പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ അദ്ദേഹം മാനിക്കുന്നു. എങ്കിലും, പ്രധാനമന്ത്രി മോദിയോടുള്ള തൻറെ അളവറ്റ സ്നേഹവും വിശ്വസ്തതയും അദ്ദേഹം ആവർത്തിച്ചുറപ്പിക്കുന്നു.
“ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ആദ്യം ഒരു പടവ് കടക്കും, പിന്നീട് അടുത്ത തന്ത്രം തീരുമാനിക്കുകയും ചെയ്യും. ബീഹാർ തിരഞ്ഞെടുപ്പിനുശേഷം എന്റെ അടിയന്തര മുൻഗണനകൾ 2027 ലെ ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണ്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, എന്റെ പ്രധാനമന്ത്രി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ദേശീയമാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചിരാഗ് അഭിമാനത്തോടെ പറഞ്ഞത്
പ്രധാനമന്ത്രി മോദിയോടുള്ള തന്റെ അചഞ്ചലമായ വിശ്വസ്തത ചിരാഗ് ദേശീയ മാദ്ധ്യമങ്ങളോടെല്ലാം ആവർത്തിച്ചു. എൻഡിഎ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി കണക്കുകൾ പുറത്തുവന്നാൽ മറ്റാരെങ്കിലുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത സംശയലേശമന്യേ ചിരാഗ് തള്ളിക്കളഞ്ഞു. എന്റെ പ്രധാനമന്ത്രി ഉള്ളിടത്തോളം കാലം ഞാൻ എവിടേക്കും പോകില്ല എന്ന് വീണ്ടും ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സമർപ്പണവും സ്നേഹവും അങ്ങനെ തന്നെ തുടരുന്നു. ഞാൻ അദ്ദേഹത്തെ അൽപ്പം അമിതമായി സ്നേഹിക്കുന്നു,” എന്നാണ് ചിരാഗിൻറെ വാക്കുകൾ .
വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ, തൻറെ പിതാവിൻറെ പാരമ്പര്യം സ്വന്തം കരുത്തിൽ പുനർനിർമ്മിച്ച, ഈ യുവനേതാവിൻറെ കഥ, പരിശ്രമശാലിയായ ഏതൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിനും പ്രചോദനമാണ്. ബീഹാറിൻറെ മണ്ണിൽ ചിരാഗ് പാസ്വാൻ എന്ന യുവതാരം തൻറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.









Discussion about this post