അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചു. ഇന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തത്. ഭൂചലനത്തിന് പിന്നാലെ അദ്ദേഹത്തെ കാണാതായത് വലിയ വാർത്തയായിരുന്നു.
12 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. അറ്റ്‌സുവിന്റെ ഏജന്റാണ് മരണ കാര്യം സ്ഥിരീകരിച്ചത്. വിവരം അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
തെക്കൻ തുർക്കിയിലെ ഹതായിലുള്ള കെട്ടിടത്തിലായിരുന്നു അറ്റ്‌സുവിന്റെ താമസം. ഭൂചലനത്തിൽ ഈ കെട്ടിടം പൂർണമായും തകർന്നിരുന്നു. 12ാം നിലയിലായിരുന്നു അദ്ദേഹത്തിന്റെ മുറി. ഭൂചലനത്തിന് പിന്നാലെ അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷവും അദ്ദേഹത്തെ കണ്ടെത്താൻ കഴിയാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനമായിരുന്നു അറ്റ്‌സു തുർക്കിയിൽ എത്തിയത്.











