റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. രണ്ട് സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യുവരിച്ചു. രാജ്‌നന്ദഗാവ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഐടിബിപി ജില്ലാ ഫോഴ്‌സ് ഹെഡ്‌കോൺസ്റ്റബിൾ രാജേഷ് സിംഗ്, ചത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് കോൺസ്റ്റബിൾ അനിൽ കുമാർ സാമ്രാട്ട് എന്നിവരായിരുന്നു വീരമൃത്യുവരിച്ചത്. ഇരുവർക്കും നേരെ ആയുധ ധാരികളായ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ബോർത്തലാവ് പോലീസ് സ്റ്റഷന്റെ ചുമതലയായിരുന്നു ഇരുവർക്കും. രാവിലെ ഡ്യൂട്ടിയ്ക്കായി ഇരു ചക്രവാഹനത്തിൽ മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബോർത്തലാവിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ മറഞ്ഞിരുന്ന കമ്യൂണിസ്റ്റ് ഭീകരർ നിറയൊഴിക്കുകയായിരുന്നു. 20 തവണ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. പരിക്കേറ്റ ഇരുവരും വാഹനത്തിൽ നിന്നും നിലത്തേക്ക് തെറിച്ചു വീണു. ഇതോടെ ഭീകര സംഘം വാഹനത്തിന് തീയിടുകയായിരുന്നു.
ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയപ്പോഴേക്കും ഭീകരർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്ത് തന്നെ രാജേഷ് മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് അനിലിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്,
Discussion about this post