ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിയിലെ ഏത് സാഹചര്യവും നേരിടാൻ ആത്മവിശ്വാസമുള്ള നമ്മുടെ സൈന്യത്തിന് സാധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്ക് മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ കരസേന കമാൻഡർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം മെയ് ആദ്യം നാലാം വർഷത്തിലേക്ക് കടക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഈ പരാമർശം.
രാജ്യത്തിന്റെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനഅതിർത്തിയിൽ നിയോഗിക്കപ്പെട്ട ഓരോ സൈനികർക്കും ഏറ്റവും മികച്ച ആയുധങ്ങളും സൗകര്യങ്ങളും ഒരുക്കുകയെന്നതാണ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അതിൽ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ സൈനികന്റെയും വിമുക്തഭടന്റെയും ക്ഷേമവും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സായുധ സേന പ്രവർത്തിക്കുന്നതുപോലെ സർക്കാർ സായുധ സേനയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനയുടെ മാത്രമല്ല, സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
ജമ്മുകശ്മീരിൽ തീവ്രവാദപ്രവർത്തനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, സമാധാനം സ്ഥാപിക്കാനായുള്ള സർക്കാരിന്റെ ശ്രമങ്ങളെ വെല്ലുവിളിക്കുന്ന ദേശവിരുദ്ധ സംഘടനകൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജമ്മു കശ്മീരിലെ തീവ്രവാദ ഭീഷണിയെ നേരിടുന്നതിൽ കേന്ദ്ര സായുധ പോലീസ് സേനയും (സിഎപിഎഫ്), പോലീസും സൈന്യവും തമ്മിലുള്ള മികച്ച സമന്വയത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സംയുക്ത പ്രവർത്തനങ്ങൾ മേഖലയിൽ സ്ഥിരതയും സമാധാനവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് തുടരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നത്തെ മാറുന്ന കാലഘട്ടത്തിൽ, ഭീഷണികളുടെയും ആയുധങ്ങളുടെയും തോത് വളരെ വലുതാണ്. അതിനനുസരിച്ച് പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
Discussion about this post