കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷും പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും കൊടുത്ത പരാതിയിലാണ് നടപടി. പോലീസിനോടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോടും വിശദീകരണം തേടിയിട്ടുണ്ട്.
നടക്കാവ് സിഐ ജിജീഷ് പി.കെയാണ് എരഞ്ഞിപ്പാലം സ്വദേശിയും യുവമോർച്ച ജില്ലാ കമ്മിറ്റി അംഗവുമായ വൈഷ്ണവേഷിനെ ക്രൂരമായി മർദ്ദിച്ചത്. കോഴിക്കോട് കാരാപറമ്പ് വെച്ചായിരുന്നു സംഭവം. വൈഷ്ണവേഷിനെ വളഞ്ഞിട്ട് പിടിച്ച സിഐ ഇയാൾ നിരായുധനായിരുന്നിട്ടും മുഷ്ടിചുരുട്ടി മുഖത്ത് ഇടിക്കുന്നതിന്റെയും കണ്ണിനും ചെവിക്കും ശക്തമായി ഇടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
മറ്റ് പോലീസുകാർ ഇടപെട്ടതോടെയാണ് സിഐ പിൻമാറിയത്. അപ്പോഴേക്കും അവശനായി വൈഷ്ണവേഷ് റോഡിൽ വീഴുകയും ചെയ്തു. ഇടി കൊളളാതിരിക്കാൻ മുഖം മറച്ചുപിടിച്ചിട്ടും സിഐ കൈ ബലമായി പിടിച്ചുമാറ്റി ഇടിക്കുകയായിരുന്നു. ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച പ്രവർത്തകനെയാണ് സിഐ ക്രൂരമായി മർദ്ദിച്ചതെന്ന് പരാതിയിൽ യുവമോർച്ച ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ യുവമോർച്ച ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും യുവമോർച്ച പ്രവർത്തകർ പരാതി നൽകിയിരുന്നു.












