തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പാറശ്ശാല സ്വദേശി ഷാരോൺ രാജിനെയായിരുന്നു ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്.
പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഗ്രീഷ്മയെ ജാമ്യത്തിൽവിട്ടാൽ അത് കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ നിർണായകമായേക്കാവുന്ന സാക്ഷികളെ പ്രതി സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ജയിലിൽവച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആത്മഹത്യാപ്രവണതയുള്ള വ്യക്തിയാണ് പ്രതി. അതുകൊണ്ട് തന്നെ ജാമ്യം നൽകി പുറത്തുപോയാൽ അപകടകമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെല്ലാം അംഗീകരിച്ച കോടതി ജാമ്യം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽവച്ച് തന്നെ ഉടൻ വിചാരണ നടത്താൻ കോടതി നേരത്തെ പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷാരോൺ കൊല്ലപ്പെടുന്നത്. ശാരീരിക അവശതകളെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിയിൽവച്ച് ഷാരോൺ നടത്തിയ ചില വെളിപ്പെടുത്തലുകളും ഫോൺ സംഭാഷണങ്ങളുമായിരുന്നു കേസ് അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തിച്ചത്.
ഷാരോണുമായി പ്രണയത്തിലായിരുന്ന യുവതിയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായി ഗ്രീഷ്മ. നിരവധി തവണ ഷാരോണിനെ പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് യുവതി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഒക്ടോബർ 14 ന് കീടനാശിനി കലർത്തിയ കഷായം ഗ്രീഷ്മ നിർബന്ധിച്ച് ഷാരോണിന് നൽകുകയായിരുന്നു.
കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. മാതാവ് സിന്ധു, അമ്മാവൻ നിർമ്മൽ കുമാരൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.












