കൊല്ലം; ഓയിൽ പാം ഇന്ത്യയിൽ വിളവെടുപ്പുമായി എത്തിയ വാഹനങ്ങൾ ആരതി ഉഴിഞ്ഞ് സ്വീകരിച്ചതിന്റെ പേരിൽ സിപിഐ നേതാവിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതൃത്വം. പൊതുമേഖലാ സ്ഥാപനത്തിൽ പൂജ നടത്തിയെന്ന് ആണ് സിപിഎം നേതാക്കളുടെ ആരോപണം. എന്നാൽ പൂജ അല്ല നടന്നതെന്നും ഇത് പതിവ് രീതി മാത്രമാണെന്നും സ്ഥാപനം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം ഏരൂരിലെ ഓയിൽ പാം ഇന്ത്യയുടെ ഫാക്ടറിക്ക് മുൻപിൽ നടന്ന ചടങ്ങാണ് സിപിഎം നേതാക്കൾ വിവാദമാക്കാൻ നോക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് എണ്ണപ്പനയുടെ പഴക്കുലകളുമായി എത്തിയ ഓയിൽ പാം ഇന്ത്യയുടെ വാഹനങ്ങൾ സിപിഐ നേതാവും കമ്പനി ചെയർമാനുമായ വിദ്യാധരൻ ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സിപിഎം പ്രാദേശിക നേതൃത്വം വിമർശനവുമായി രംഗത്തെത്തിയത്.
പൂമാലയും വാഴയും ഒക്കെ വെച്ച് അലങ്കരിച്ച വാഹനങ്ങൾ ഓയിൽ പാം ഇന്ത്യയുടെ മുൻപിൽ വെച്ച് ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതാണ് ദൃശ്യങ്ങൾ. ഓയിൽ പാം ഇന്ത്യയുടെ വാഹനങ്ങളിലാണ് ലോഡുകൾ എത്തിച്ചത്. എല്ലാ വർഷവും നടത്തുന്ന പതിവ് രീതി മാത്രമാണിതെന്നും വിമർശനങ്ങളിൽ കഴമ്പില്ലെന്നും ഓയിൽ പാം ഇന്ത്യ അധികൃതർ വിശദീകരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവു സംഘടിപ്പിച്ച പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയിൽ പൂക്കൾ അർപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇക്കാര്യവും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.












