ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾക്കായുള്ള ഡൽഹി യാത്ര റദ്ദാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. വയറിലെ അണുബാധ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനെ തുടർന്നാണ് അദ്ദേഹം ഡൽഹി യാത്ര റദ്ദാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് അണുബാധയുണ്ടായത്.
ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് ശിവകുമാർ തന്നെയാണ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. തനിക്ക് വയറിൽ അണുബാധയാണ്. അതുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് ആയിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ശിവകുമാർ ഡൽഹിയിലേക്ക് തിരിക്കാനിരുന്നത്.
ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ രാവിലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയുള്ള സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് സാദ്ധ്യയേറുന്നതായുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശിവകുമാർ ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയത്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞെങ്കിൽ ആശംസകൾ നേരുന്നുവെന്നായിരുന്നു സൂചനകളോടുള്ള ശിവകുമാറിന്റെ പ്രതികരണം. തനിക്കൊപ്പം ഒരു എംഎൽഎപോലുമില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post