ബ്രസൽസ്സ്: റാഗിങ്ങിനിടയിൽ കൊല്ലപ്പെട സാൻഡാ ഡിയ എന്ന കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പതിനെട്ട് വിദ്യാർത്ഥികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ബെൽജിയത്തിലെ ല്യൂവെൻ കതൊലിക് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം നടന്നത്. 2018ലാണ് സാൻഡാ ഡിയ കൊല്ലപ്പെട്ടത്. അഞ്ച് വർഷം നീണ്ട വിചാരണയ്ക്ക് ശേഷം കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും കഠിനമായ ശിക്ഷകളൊന്നും പ്രതികൾക്ക് വിധിച്ചില്ല.
വിധിയെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ ബെൽജിയത്തിൽ നടക്കുകയാണ്. #justiceforsanda എന്ന ഹാഷ്ടാഗിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കുറിപ്പുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയർന്ന് വരുന്നത്. ഏകദേശം മുപ്പതിനായിരം രൂപക്ക് സമമായ തുകയും മുന്നൂറു മണിക്കൂർ നേരത്തെ നിർബന്ധിത സാമൂഹ്യസേവനവുമാണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്. “ബെൽജിയൻ കോടതിസംവിധാനത്തോട് എല്ലാവരും രോഷാകുലരാണ്”. ബ്രസൽസിൽ പ്രതിഷേധപരിപാടികൾക്കെത്തിയ എലീസ പ്ളീ എന്ന വിദ്യാർത്ഥി മാദ്ധ്യമങ്ങളോട് പറഞ്ഞു.”ബസിൽ ടിക്കറ്റെടുത്തില്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ ശിക്ഷയാണ് നിങ്ങൾക്ക് ലഭിക്കുക”
വില്ലനായത് സർവകലാശാലകളിലെ ‘ഫ്രറ്റേണിറ്റികൾ’
സർവകലാശാലയിലെ വളരെച്ചുരുക്കം വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനമുള്ള ഒരു ഉപരിവർഗ്ഗ കൂട്ടായ്മയായ റൂസെഗൊം (Reuzegom) എന്ന സംഘടനയിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായാണ് റാഗിങ്ങ് നടന്നത്. ഫ്രറ്റേണിറ്റി എന്നാണ് ഈ സംഘടനകൾ അറിയപ്പെടുന്നത്.
ഈ ഫ്രറ്റേണിറ്റികളിലേക്ക് പ്രവേശനം നൽകുന്നതിന് മുൻപ് കായികമായും മാനസികമായും പ്രവേശനാർത്ഥികളെ തകർക്കുകയാണ് റാഗിങ്ങ് ആചാരത്തിൻ്റെ ലക്ഷ്യം. ഇതിൽ എതിർപ്പ് പറയാതെ പ്രവേശനം ലഭിച്ചുകഴിഞ്ഞാൽ പഠനത്തിലും അതിനു ശേഷവും വലിയ സഹായങ്ങൾ ഇത്തരം ഉപരിവർഗ്ഗ സംഘാംഗങ്ങൾക്ക് ലഭിക്കാറുണ്ട്. ഇത്തരത്തിലെ രഹസ്യമായും പരസ്യമായുമുള്ള ഫ്രറ്റേണിറ്റികൾ യൂറോപ്യൻ അമേരിക്കൻ സർവകലാശാലകളിൽ വ്യാപകമാണ്.
സർവകലാശാലകളിൽ നിന്ന് പുറത്തിറങ്ങിയാലും രാഷ്ട്രീയത്തിലും സർക്കാരിലും ബിസിനസിലും പോലീസിലും തുടങ്ങി സമൂഹത്തിൻ്റെ മുകൾ നിരയിലുള്ള എല്ലാ മേഖലകളിലും ഈ ഫ്രറ്റേണിറ്റികൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടാവും. ഒരിക്കൽ ഇത്തരം ഫ്രറ്റേണിറ്റികളിൽ അംഗമായാൽ അതിലെ മറ്റ് അംഗങ്ങളിൽ നിന്ന് നിയമപരമായും അല്ലാതെയും എന്ത് സഹായവും ലഭിക്കുകയും ചെയ്യും. ഓക്സ്ഫോർഡ് സർവകലാശാലയിലുള്ള ബുള്ളിംഗ്ടൺ ക്ളബ് എന്ന ഫ്രറ്റേണിറ്റിയിൽ അംഗമായതു കൊണ്ടാണ് ബ്രിട്ടനിലെ രണ്ട് മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണും ബോറിസ് ജോൺസനും തൽസ്ഥാനത്തേക്കെത്തിപ്പെട്ടതെന്ന് അഭ്യൂഹങ്ങളുണ്ട്.
ബെൽജിയത്തിലെ അതുപോലെയുള്ള ഒരു ഫ്രറ്റേണിറ്റിയാണ് റൂസെഗൊം. പ്രമുഖ രാഷ്ട്രീയക്കാരും ജഡ്ജിമാരും പോലീസുദ്യോഗസ്ഥരും എല്ലാം ഈ ഫ്രറ്റേണിറ്റി അംഗങ്ങളാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ടാണ് കുറ്റക്കാർക്ക് വളരെച്ചെറിയ ശിക്ഷ മാത്രം നൽകിയതെന്ന് ഒരുകൂട്ടർ വാദിക്കുന്നു.
മരണകാരണമായത് മീനെണ്ണയും മദ്യവും
നിർബന്ധിതമായി വളരെ കൂടിയ അളവിൽ ലിറ്റർ കണക്കിന് മീനെണ്ണയും മദ്യവും നൽകിയ ശേഷം കൊടും തണുപ്പത്ത് വെളിയിൽ വെള്ളത്തിൽ നിൽക്കാനായിരുന്നു സാൻഡാ ഡിയയ്ക്ക് നൽകിയ റാഗിങ്ങ്. തണുത്ത് വിറച്ച ആ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസം മരണത്തോട് മല്ലടിച്ച അയാൾ മൂന്നാം ദിനം മരണപ്പെട്ടു. മീനെണ്ണയിലെ കൂടിയ അളവിലെ ഉപ്പും അമിതമായ അളവിലെ മദ്യവും ആണ് മരണകാരണമായതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സാൻഡാ ഡിയയോടൊപ്പം റാഗിങ്ങിന് വിധേയരായ മറ്റ് രണ്ട് വിദ്യാർത്ഥികളെയും ഗുരുതരമായി ആശുപത്രിയിൽ എത്തിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയതുകൊണ്ട് അവർ രണ്ടുപേരും മരണത്തിൽ നിന്ന് രക്ഷപെട്ടു.
ഫ്രറ്റേണിറ്റികൾ പിരിച്ചുവിട്ടു?
സാൻഡാ ഡിയയുടേ കൊലയെത്തുടർന്ന് ഫ്രറ്റേണിറ്റികൾ പിരിച്ചുവിട്ടതായാണ് സർവകലാശാലാ അധികൃതർ അറിയിക്കുന്നത്. എന്നാൽ രഹസ്യസ്വഭാവമുള്ള ഇത്തരം സംഘടനകൾ തുടരുന്നുണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റവാളികളായ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റിയിൽ നിന്ന് പിരിച്ചുവെട്ടെന്നും വേറൊരു സർവകലാശാലയിലും അവർക്ക് പഠനം തുടരാനാവില്ലെന്നും ല്യൂവെൻ കതൊലിക് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
അമ്മയ്ക്ക് വേണ്ടത് വെറും ഒരു യൂറോ
പിഴശിക്ഷയോടോപ്പം സാൻഡാ ഡിയയുടെ അച്ഛനും ചിറ്റമ്മയ്ക്കും അനിയനും 15000വും 8000ഉം 6000ഉം യൂറോ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ തനിക്ക് നഷ്ടപരിഹാരമായി ഒരു യൂറോ മാത്രം മതി എന്ന് സാൻഡാ ഡിയയുടെ അമ്മ കോടതിയോട് പറഞ്ഞു. തൻ്റെ മകൻ്റെ ഗതി ഇനി ആർക്കുമുണ്ടാകരുത് എന്നത് മാത്രമാണ് തൻ്റെ ആവശ്യമെന്ന് അവർ അറിയിച്ചു. അതേ സമയം പതിനെട്ട് പ്രതികളിൽ ആരാണ് തൻ്റെ മകനെക്കൊണ്ട് കൂടിയ അളവിൽ മീനെണ്ണ കുടിപ്പിച്ചതെന്ന് ഇനിയും ആരും വെളിപ്പെടുത്തിയിട്ടില്ലെന്നും അതറിയാതെ നീതി നടപ്പാക്കിയെന്ന് കരുതാനാവില്ലെന്നും സാൻഡാ ഡിയയുടെ അച്ഛൻ അറിയിച്ചു. അത്തരം വിശദാംശങ്ങളിലേക്കൊന്നും പോകേണ്ടയെന്നാണ് ബെൽജിയം പോലീസിൻ്റെ നിലപാട്.













Discussion about this post