ന്യൂഡൽഹി: വ്യക്തിത്വം മറച്ചുവച്ച് വിവാഹം കഴിക്കുന്നതും വിവാഹം, സ്ഥാനക്കയറ്റം, ജോലി എന്നീ വ്യാജവാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കുറ്റങ്ങൾക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.
1860ലെ ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ബിൽ അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു.
‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അവർ നേരിടുന്ന നിരവധി സാമൂഹിക പ്രശ്നങ്ങളും ഈ ബില്ലിൽ പ്രതിപാദിച്ചിട്ടുണ്ട്. വിവാഹം, ജോലി, സ്ഥാനക്കയറ്റം, വ്യാജ വ്യക്തിത്വം തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. വഞ്ചനാപരമായ മാർഗത്തിലൂടെയോ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, ശിക്ഷിക്കപ്പെടും. പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.
അതേസമയം കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനായി ആഭ്യന്തരമന്ത്രി പുതിയ ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഐപിസി,സിആർപിസി,ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ അടിമുടി മാറ്റുന്നതാണ് പുതിയ ബിൽ. ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’യാണ് പുതിയ നിയമം. ഐപിസിയിൽ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകൾ ഭേദഗതി ചെയ്യും. സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിൽ നിയമം വരും. ചെറിയ കുറ്റങ്ങൾക്ക് നിർബന്ധിത സാമൂഹ്യ സേവനവും നിർദ്ദേശത്തിലുണ്ട്.
Discussion about this post