ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ യഥാസമയം എത്തിക്കുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനേൽ. എമർജൻസി കിറ്റുകളുടെ അടുത്ത ബാച്ച് രാജ്യത്തെത്തിയെന്നും ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാ ദിവസവും സൗജന്യമായാണ് ഇന്ത്യ ഈ സേവനം നടത്തുന്നത് എന്നും അദ്ദേഹം ട്വിറ്ററിൽ പരാമർശിച്ചു.
‘നന്ദി ഇന്ത്യ! ഭൂകമ്പത്തെ അതിജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ കൂടാരവും ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗും വളരെ പ്രധാനമാണ്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ന്യൂഡൽഹിയിലെ റിപ്പബ്ലിക് ഓഫ് തുർക്കി എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 6 ന് തുർക്കി-സിറിയ അതിർത്തിയിൽ ഉണ്ടായ അതിമാരകമായ ഭൂകമ്പത്തിൽ 34,000 പേരാണ് മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു, വീടും കുടുംബവും നഷ്ടമായി, കൊടും തണുപ്പിൽ ജനങ്ങളിന്ന് തെരുവുകളിലാണ് അഭയം തേടുന്നത്. ഇവർക്ക് സഹായവുമായാണ് ഇന്ത്യ സംഘം രംഗത്തെത്തിയത്. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ, നിരവധി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ അയക്കുകയും, തുർക്കിയിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലും മറ്റും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾ നിരവധി ജീവനുകൾ ഇതിനോടകം രക്ഷിച്ചു. പ്രത്യേക പരിശീലനം നേടിയ സ്‌നിഫിംഗ് ഡോഗുകളുടെ സഹായത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇത് കൂടാതെ ആളുകളുടെ മെഡിക്കൽ ആവശ്യങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള സംഘം സജ്ജമാണ്.









