ന്യൂഡൽഹി:ഒഡീഷ ട്രെയിൻ അപകടത്തിൻറെ പശ്ചത്താലത്തിൽ വിമാനനിരക്കുകൾ അനാവശ്യമായി വർധിപ്പിക്കരുതെന്ന് നിർദ്ദേശം. ഭുവനേശ്വറിലെയും ഒഡീഷയിലെയും വിമാനത്താവളങ്ങൾക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാന നിരക്കുകളിൽ അനാവശ്യമായ വർധനയുണ്ടായാൽ നിരീക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷ ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചുവെന്ന് സർക്കാർ ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എണ്ണൂറിലധികം പേർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്. ട്രാക്കിന് ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. അപകടത്തെത്തുടർന്ന്, പ്രദേശത്തെ റെയിൽവേ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാർ വിമാന സർവീസ് തിരഞ്ഞെടുക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് വിമാനക്കൂലിയിൽ വർധനവ് വരുത്തിന്നില്ലെന്ന് ഉറപ്പാക്കാൻ മാർഗരേഖ പുറത്തിറക്കിയത്.
ഒരു കാരണവുമില്ലാതെ ഭുവനേശ്വറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ നിരക്ക് വർധിപ്പിക്കരുത്. അനാവശ്യമായ വർധനവുണ്ടായാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യമായി വിമാനം റദ്ദാക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ഇന്ന് സന്ദർശിച്ചു. പരിക്കേറ്റവരുടെ ചികിത്സയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. വൈദ്യരംഗത്ത് സാധ്യമായതെല്ലാം പരിക്കേറ്റവരുടെ രക്ഷയ്ക്കായി ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റെയിൽവേ ട്രാക്ക് ശരിയാക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവരെ നേരിൽക്കണ്ട് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
അപകടം നടന്ന ട്രാക്ക് അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഈ സമയത്ത് റൂട്ടിൽ മറ്റ് ട്രെയിനുകൾ ആരംഭിക്കാൻ സമയമെടുത്തേക്കാം. ഡൗൺലൈൻ നന്നാക്കാൻ ഏകദേശം 12 മണിക്കൂർ എടുക്കും.
Discussion about this post