പട്‌ന : ജാതി സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു അപേക്ഷയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ടോമി എന്ന നായ്ക്കുട്ടിയുടേതാണ് അപേക്ഷ. തന്റെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ആധാർ കാർഡും ”ടോമി” സമർപ്പിച്ചിട്ടിണ്ട്.
ബീഹാറിലാണ് ഈ രസകരമായ സംഭവം നടന്നത്. ജാതിസർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയ അപേക്ഷയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഷേരു എന്നാണ് ടോമിയുടെ അച്ഛന്റെ പേര്. അമ്മയുടെ പേര് ഗിന്നി. ജനന തീയ്യതി 2022 ഏപ്രിൽ 14.
റൗണ പഞ്ചായത്തിലെ പാണ്ഡേപോഖർ ഗ്രാമത്തിൽ 13 വാർഡിലാണ് ടോമിയുടെ വീട്. ഇത് കോഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാറിന് താഴെ ”ഞങ്ങൾ നായ്ക്കളുടെ അധികാരം” എന്നും പ്രിന്റ് ചെയ്തതായി ചിത്രത്തിൽ കാണാം.
അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ രാജ ബാബുവിന്റേതാണെന്ന് തെളിഞ്ഞുവെന്ന് ഗുരാരു ബ്ലോക്ക് സർക്കിൾ ഓഫീസർ സഞ്ജീവ് കുമാർ ത്രിവേദി പറഞ്ഞു. എന്തായാലും ടോമിയുടെ അപേക്ഷ ഉദ്യോഗസ്ഥർ നിരസിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചയാളെ പിടികൂടാൻ വേണ്ടിയുളള അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.
Discussion about this post