പാലക്കാട് : ഇ-സിം (എംബഡഡ് സിം) സംവിധാനത്തിലേക്കു മാറുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടു കഴുകന്‍ കണ്ണുകള്‍. കസ്റ്റമര്‍ കെയറില്‍നിന്നാണെന്ന തരത്തില്‍ വിളിക്കുന്ന തട്ടിപ്് സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയാണു പണം തട്ടുന്നത്.
സംസ്ഥാനത്തു 2 മാസത്തിനിടെ 18 കേസുകളാണു ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാഷനല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായിഇതിനകം തന്നെ 97 പരാതികള്‍ വന്നിട്ടുണ്ട്. 7 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണു പരാതി. ജാഗ്രത പാലിക്കാന്‍ പൊലീസ് മുന്നറിയിപ്പു നല്‍കി.
ഇ-സിമ്മില്‍ സിം കാര്‍ഡ് ഉണ്ടാകില്ല. ടെലികോം കമ്പനികളുടെ ഓഫിസുകളില്‍ നേരിട്ടു പോകാതെ ഓണ്‍ലൈന്‍ വഴി തന്നെ ആക്ടിവേറ്റ് ചെയ്യാനാകും. ടെലികോം കമ്പനികള്‍ക്കു സിം പ്രോഗ്രാം ചെയ്യാനും ഡി ആക്ടിവേറ്റ് ചെയ്യാനും കണക്ഷന്‍ മറ്റൊരു ഫോണിലേക്കു മാറ്റാനും കഴിയും. തട്ടിപ്പു സംഘം മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ചു 32 അക്ക ഇ-ഐഡി നല്‍കി ഇ-സിം ആക്ടിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരത്തില്‍ അവര്‍ പറയുന്നതനുസരിച്ച് ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്കു ലഭിക്കുന്ന ക്യു ആര്‍ കോഡ് സംഘത്തിന്റെ വാട്‌സാപ് നമ്പറില്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടും. ക്യു ആര്‍ കോഡ് ലഭിക്കുന്ന തട്ടിപ്പുകാര്‍ അവരുടെ മൊബൈലില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാര്‍ഡിന്റെ പൂര്‍ണ നിയന്ത്രണം അവരുടെ കൈകളിലാകും.
ഇതിന് പിന്നാലെ കൈവശമുള്ള സിം പ്രവര്‍ത്തനരഹിതമാകും. 24 മണിക്കൂറിനുള്ളില്‍ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവര്‍ത്തിച്ചു തുടങ്ങൂ എന്നും ഇവര്‍ നിങ്ങളെ അറിയിക്കും. ഈ സമയത്തിനുള്ളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പുകാര്‍ ഏറ്റെടുക്കും.
തട്ടിപ്പ് തടയാന്‍ ചെയ്യേണ്ടത്.
സേവനദാതാക്കള്‍ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പറിലേക്ക് മാത്രം എസ്എംഎസ് അയയ്ക്കുക. മെയിലില്‍ കിട്ടുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ചു മാത്രം ഇ-സിം ആക്ടിവേറ്റ് ചെയ്യുക. ക്യുആര്‍ കോഡ് ആര്‍ക്കും കൈമാറരുത്. കൈമാറാന്‍ സേവനദാതാക്കള്‍ ആവശ്യപ്പെടാറില്ല.
ഇ-സിം ഉപയോഗിക്കുന്നവരാണെങ്കില്‍, ആ നമ്പറില്‍ ബാങ്ക് അക്കൗണ്ടുകള്‍, പണമിടപാട് ആപ്പുകള്‍, ക്ലൗഡ് പ്ലാറ്റ്‌ഫോം അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, അത്തരം അക്കൗണ്ടുകള്‍ക്കു 2 ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ സെറ്റ് ചെയ്യണം.
Discussion about this post