ന്യൂഡൽഹി; അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത വരുമാനക്കണക്ക് ഹാജരാക്കിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെ നൽകാനുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 49 ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേരളം അഞ്ച് വർഷമായി എജി സർട്ടിഫൈ ചെയ്ത കണക്കുകൾ നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച പാർലമെന്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
16982 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകുകയെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ വരെയുളള കുടിശികയാണിത്. ഇന്ന് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. കേരളത്തിന് 780 കോടി രൂപയാണ് ലഭിക്കാനുളളത്.
സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര കുടിശിക എത്രയും വേഗം നൽകി തീർക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ ഇതിനുളള ബാലൻസ് നിലവിൽ ഇല്ലെങ്കിലും കേന്ദ്രസർക്കാർ മറ്റ് സ്രോതസുകളിൽ നിന്നുളള പണം ഉപയോഗിച്ചാണ് സംസ്ഥാനങ്ങൾക്ക് ഇപ്പോൾ തുക നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനകാര്യ മന്ത്രിമാരും ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയുടെ റിപ്പോർട്ടും യോഗം അംഗീകരിച്ചു.
കഴിഞ്ഞ ആഴ്ച പാർലമെന്റിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുളള മറുപടിയായിട്ടാണ് 2017 മുതൽ കേരളം അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത കണക്കുകൾ നൽകിയിട്ടില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയത്. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.
Discussion about this post