ഇൻഡോർ : വീണ്ടും ഒറ്റക്കയ്യനായി ബാറ്റേന്തി ഹനുമ വിഹാരി. മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിലാണ് ആന്ധ്ര ക്യാപ്ടനായ ഹനുമ വിഹാരി ഒറ്റക്കൈ ബാറ്റിംഗിനിറങ്ങിയത്. ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിനിറങ്ങിയ ഹനുമ വിഹാരിയെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചിരുന്നു.
ആവേശ് ഖാന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ കണങ്കൈയിൽ പന്തു കൊണ്ടതിനെ തുടർന്നാണ് ഹനുമ വിഹാരി റിട്ടയേഡ് ഹർട്ടായി കളം വിട്ടത്. തുടർന്ന് എക്സറെ പരിശോധനയിൽ കണങ്കൈയിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തി. എന്നാൽ ആന്ധ്രയുടെ ആദ്യ ഇന്നിംഗ്സിൽ ഒൻപതാം വിക്കറ്റ് വീണപ്പോൾ പരിക്ക് വകവയ്ക്കാതെ ഹനുമ വിഹാരി ബാറ്റിംഗിനിറങ്ങുകയായിരുന്നു.
വലങ്കയ്യൻ ബാറ്ററായ വിഹാരി ഇടത് കൈ സംരക്ഷിക്കാൻ ഇടങ്കൈ ബാറ്ററായിട്ടാണ് ബാറ്റ് ചെയ്തത്. ഒറ്റക്കൈ കൊണ്ടായിരുന്നു ആദ്യ ഇന്നുംഗ്സിലും ബാറ്റ് ചെയ്തത്.2 വിക്കറ്റിന് 323 എന്ന നിലയിൽ നിന്ന് 9 വിക്കറ്റിന് 353 എന്ന നിലയിലേക്ക് ആന്ധ്ര എത്തിയതോടെയാണ് ഹനുമ വിഹാരി വീണ്ടും ബാറ്റ് ചെയ്യാനിറങ്ങിയത്.
ഇടത് കൈ സംരക്ഷിക്കാൻ വേണ്ടി ഇടങ്കയ്യനായിറങ്ങിയ വിഹാരി ആന്ധ്ര സ്കോറിനോട് 26 റൺസ് കൂടി ചേർത്ത പാർട്ണർഷിപ്പിൽ പങ്കാളിയായി. ഏതാണ്ട് ഒറ്റക്കൈ കൊണ്ട് തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഒറ്റക്കൈ കൊണ്ട് രണ്ട് ബൗണ്ടറികൾ കൂടി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. സർനാഷ് ജെയിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് ഒടുവിൽ വിഹാരി പുറത്തായത്.
ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379 റൺസിനെതിരെ 228 റൺസാണ് മദ്ധ്യ പ്രദേശ് സ്കോർ ചെയ്തത്. രണ്ടാം ഇന്നിംഗ്സിൽ ആന്ധ്ര അത്ഭുതകരമായി തകരുകയായിരുന്നു. ആവേശ് ഖാന്റെ ബൗളിംഗാണ് ആന്ധ്രയെ തകർത്തത്. 76 റൺസിന് 9 വിക്കറ്റുകൾ വീണപ്പോഴാണ് ഹനുമ വിഹാരി വീണ്ടും ബാറ്റ് ചെയ്യാനിറങ്ങിയത്. 16 പന്തിൽ 3 ബൗണ്ടറികൾ സഹിതം 15 റൺസെടുത്താണ് വിഹാരി പുറത്തായത്.
രണ്ടാം ഇന്നിംസിലും ടീമിനു വേണ്ടി പൊരുതാനിറങ്ങിയ വിഹാരിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കളിക്കാനിറങ്ങുന്ന വിഹാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
Do it for the team. Do it for the bunch.
Never give up!!
Thank you everyone for your wishes. Means a lot!! pic.twitter.com/sFPbHxKpnZ— Hanuma vihari (@Hanumavihari) February 1, 2023
Discussion about this post