കൊൽക്കത്ത: ഹനുമാൻ ജയന്തി ആഘോഷത്തിൽ കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി. രാമനവമി ശോഭായാത്രയ്ക്ക് നേരെ
പല സ്ഥലങ്ങളിലും മതമൗലികവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാൾ ഹൈക്കോടതിയുടെ ഉത്തരവ്. പൊതുജനങ്ങൾക്ക് അവർ സുരക്ഷിതരാണെന്ന ഉറപ്പ് നൽകാനും ഒരു തരത്തിലുളള സംഘർഷവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് ഉത്തരവെന്ന് കോടതി വ്യക്തമാക്കി.
ഹനുമാൻ ജയന്തിക്കും രാമനവമി ശോഭായാത്രയ്ക്കും നേരെ കഴിഞ്ഞ വർഷങ്ങളിലും ബംഗാളിൽ അക്രമങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയരാറുണ്ടെങ്കിലും മമത സർക്കാർ ഇതിനെ അവഗണിക്കുകയായിരുന്നു. പലപ്പോഴും പോലീസിനെ കാഴ്ചക്കാരാക്കി മതമൗലിക വാദികൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് കാണുന്നത്.
രാമനവമി ശോഭായാത്രയ്ക്കിടെ ഷിബ്പൂരിലും റിഷ്‌റയിലും നടന്ന അക്രമങ്ങളെക്കുറിച്ച് ബംഗാൾ സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിക്കവേയാണ് ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പിക്കാൻ എന്തൊക്കെ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് കോടതി ആരാഞ്ഞത്. തുടർന്നാണ് കേന്ദ്രസേനയുടെ സഹായം തേടണമെന്ന് കോടതി നിർദ്ദേശിച്ചത്.
സംസ്ഥാനത്ത് ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്താൻ ഇത് സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൗറയിലും ഹൂഗ്ലിയിലും രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കല്ലേറും അക്രമവും നടന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ശോഭായാത്രയിൽ പങ്കെടുത്തവർക്ക് കല്ലേറിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post