എറണാകുളം: യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ പോലീസിനോട് റിപ്പോർട്ടും തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, പ്രവർത്തകരായ ആഷിക് ബൈജു, അജ്മൽ, ശരത്ത് മോഹൻ എന്നിവരെ ആക്രമിച്ച കേസിലാണ് ഹൈക്കോടതി പോലീസിനെ വിമർശിച്ചത്.
കേസിലെ പ്രതികളായ ഇടത് നേതാക്കൾ പോലീസിന് മുൻപിൽ പരസ്യമായി വിലസുകയാണ്. എന്നിട്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യം ചോദിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറുകയും പതിവാണ്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു സുനിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുമ്പോഴായിരുന്നു കോടതി വിമർശിച്ചത്.
കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ എന്താണ് തടസ്സമെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു. രണ്ടാം പ്രതി പോലീസിന്റെയും മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ആരോപണ വിധേയയായ വനിതാ നേതാവിന്റെ കാറ് തള്ളുന്നതിന്റെ മാദ്ധ്യമ ദൃശ്യങ്ങൾ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.












