ന്യൂഡൽഹി: കേരളത്തിലും വരും വർഷങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിൽ ഉൾപ്പെടെ നൽകിയ വിജയത്തിന് ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കാൻ ബിജെപി ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ആവേശകരമായ വാക്കുകൾ. ത്രിപുരയിൽ കോൺഗ്രസും ഇടതുപാർട്ടികളും എന്താണ് ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എങ്ങനെയാണ് കോൺഗ്രസും ഇടതും മറ്റൊരു സംസ്ഥാനത്ത് സഖ്യമുണ്ടാക്കുന്നതെന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത്. രണ്ട് പാർട്ടികളും കേരളത്തെ കൊളളയടിക്കുകയാണ്. അതുകൊണ്ട് ഗോവയിലും നാഗാലാൻഡിലും ത്രിപുരയിലുമൊക്കെ എന്താണോ സംഭവിച്ചത് അത് കേരളത്തിലും സംഭവിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ ആരവത്തോടെയാണ് തിങ്ങിക്കൂടിയ പ്രവർത്തകർ സ്വീകരിച്ചത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നിറച്ചത് ആത്മവിശ്വാസമാണ്. പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങാനുളള ആത്മവിശ്വാസം. ആ പുതിയ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി എത്തി ഞാൻ അവരുടെ ഹൃദയം കവർന്നു. അത് വലിയ വിജയമായി മാറി പ്രധാനമന്ത്രി പറഞ്ഞു.
ഇത് ചെറിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണെന്നും അപ്രധാനമാണെന്നുമാണ് ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. പാവങ്ങളോടുളള കോൺഗ്രസിന്റെ സമീപനമാണ് അതിലൂടെ പുറത്തുവരുന്നത്. എല്ലായ്‌പോഴും അടിച്ചമർത്തപ്പെട്ടവരെയും ദളിതരെയും പാവപ്പെട്ടവരെയും ദുർബ്ബലമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണത്.
ബിജെപിയുടെ വിജയരഹസ്യം ത്രിവേണിയിൽ ഒളിഞ്ഞിരിപ്പുണ്ട്. ബിജെപി സർക്കാരുകളുടെ പ്രവർത്തനമാണ് ഒന്ന്. രണ്ടാമത് അവരുടെ പ്രവർത്തന സംസ്‌കാരത്തിന്റെ കരുത്ത്. മൂന്നാമത് ബിജെപി പ്രവർത്തകരുടെ പ്രവർത്തന മികവ്. ബിജെപിയുടെ പ്രവർത്തകരുടെ അച്ചടക്കം എല്ലായിടത്തും അറിയാവുന്നതാണ്. പ്രതിസന്ധികൾ നിറഞ്ഞ സമയത്തും അവർ പാർട്ടി പതാക ഉയരത്തിൽ തന്നെ നിർത്തും. ഇത്തരം പ്രവർത്തകരുളളപ്പോൾ ഒരു കാര്യവും അസാദ്ധ്യമല്ല. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post