ന്യൂഡൽഹി; അയോദ്ധ്യയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ആക്രമിക്കാൻ പാകിസ്താനി ഭീകരസംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അയോദ്ധ്യയിലും ക്ഷേത്ര പരിസരത്തും സുരക്ഷ ശക്തമാക്കി.
പാകിസ്താനിൽ നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്ന് ക്ഷേത്രം ആക്രമിക്കാനാണ് ഭീകരരുടെ പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. ചാവേർ ആക്രമണത്തിനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ച സിഎൻഎൻ ന്യൂസ് 18 ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം ആക്രമിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദു മുസ്ലീം കലാപം ഉണ്ടാക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അയോദ്ധ്യയിൽ ദ്രുതഗതിയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രം രാജ്യത്തെ ഹൈന്ദവവിശ്വാസികളുടെ വികാരമാണ്. അടുത്ത വർഷം മകരസംക്രമ നാളിൽ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുമെന്ന് രാമജൻമഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവിൽ ക്ഷേത്രത്തിന്റെ 40-50 ശതമാനത്തോളം നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 170 തൂണുകളുളള ക്ഷേത്രത്തിന്റെ താഴത്തെ നില ഇക്കൊല്ലം ഒക്ടോബറിൽ പൂർത്തിയാകുമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.








