ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ജെന്‍സണായിരുന്നു. എന്നാല്‍ ഇനി ശ്രുതിക്ക് താങ്ങായി ജെന്‍സനും ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്.
ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്. ദുരന്തത്തില്‍ കുടുംബാംഗങ്ങളും അപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതിയെ ഇപ്പോള്‍ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ജെന്‍സന്റെ അച്ഛന്‍ ജയന്‍. കഴിഞ്ഞ ദിവസം കല്‍പറ്റയിലെ ആശുപത്രിയിലെത്തി ജെന്‍സന്റെ അച്ഛന്‍ ശ്രുതിയെ കണ്ടിരുന്നു.
ശ്രുതി ഇനി ഒരിക്കലും തനിച്ചാകില്ലെന്നും ഇപ്പോള്‍ അവള്‍ തന്റെ മകളാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. അവളുടെ ഏത് ആഗ്രഹവും സാധിച്ച് നല്‍കാന്‍ കൂടെയുണ്ടാകും. യാഥാര്‍ത്ഥ്യങ്ങളോട് ശ്രുതി പൊരുത്തപ്പെട്ട് വരികയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ , ശ്രുതി അനാഥയാകുമെന്നായിരുന്നു ജെന്‍സന്റെ പേടിയെന്നും ഇനി അതുണ്ടാകില്ലെന്നും ജെന്‍സന്റെ പിതാവ് പറഞ്ഞു.
ഉരുള്‍പൊട്ടലിന് ശേഷം ഒരു നിമിഷംപോലും അവളെ ഒറ്റയ്ക്കാക്കാതെ എല്ലായ്‌പ്പോഴും അവന്‍ കൂടെയുണ്ടായിരുന്നു. ഇനി ശ്രുതിക്ക് സ്ഥിരം ജോലിയും വീടും വേണം. ശ്രുതിക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജയന്‍ ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതിയുടെ രണ്ട് കാലുകളിലും കഴിഞ്ഞ ദിവസം ശാസ്ത്രക്രിയയും നടന്നിരുന്നു.
Discussion about this post