സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടക ധനവകുപ്പ് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കൈമാറി. രണ്ട് ബാങ്കുകളിലേയും അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് സെപ്റ്റംബര്‍ 20നകം ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതിനുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡെപ്യൂട്ടി സെക്രട്ടറിയെ അറിയിക്കാനും വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, പൊതു മേഖല സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വകലാ ശാലകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് നിലവില്‍ ഉത്തരവ് ബാധകമാവുക. എന്നാല്‍ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകളെയോ പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളെയോ ഈ നീക്കം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോപണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കാത്തതുമാണ് അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് ് നയിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. 187 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 88.62 കോടി രൂപ ഐടി കമ്പനികളുടെയും ഹൈദരാബാദിലെ ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതുമെന്ന് ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡും (കെഐഎഡിബി) കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും (കെഎസ്പിസിബി) പിഎന്‍ബിയുമായി നടത്തിയ നിക്ഷേപത്തിലെ ക്രമക്കേടുകള്‍ കണക്കിലെടുത്താണ് എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് തിടുക്കത്തിലുളള തീരുമാനമെന്ന് അപാസ് അഡൈ്വസറിയുടെ മാനേജിംഗ് പാര്‍ട്നര്‍ അശ്വിന്‍ പരേഖ് പറഞ്ഞു.അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ചുള്ള ആരോപണങ്ങള്‍ കോടതി പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിറ്റിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post