കറാച്ചി: പാകിസ്താനിൽ ആറാടി അജ്ഞാതർ. ഐ.എസ്.ഐ പിന്തുണയോടെ ആരംഭിച്ച കശ്മീരിലെ ഭീകര സംഘടന അൽ ബദറിന്റെ കമാൻഡറായിരുന്ന തീവ്രവാദിയെ വെടിവെച്ചു കൊന്നു. പ്രൈവറ്റ് സ്കൂൾ സിസ്റ്റം ഡെപ്യൂട്ടി ഡയറക്ടറായ സയ്യദ് ഖാലിദ് റാസയാണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ഇയാളെ വെടിവെച്ചു കൊന്നത്.
മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ഇരുവരും തൊപ്പി ധരിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. പോയിന്റ് ബ്ലാങ്കിൽ തല്യ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും ഒരു ബുള്ളറ്റ് മാത്രമാണ് അജ്ഞാതർ ഉപയോഗിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഒരാഴ്ച്ചക്കിടെ കശ്മീരുമായി ബന്ധപ്പെട്ട ഭീകരർക്കെതിരെ അജ്ഞാതർ നടത്തിയ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച്ച ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായിരുന്ന ബഷീർ അഹമ്മദ് പീറിനെ അജ്ഞാതർ വെടിവെച്ചു കൊന്നിരുന്നു. ഇതേ രീതിയിൽ തന്നെ പോയിന്റ് ബ്ലാങ്കിലായിരുന്നു ബഷീർ അഹമ്മദിനേയും അജ്ഞാതർ വെടിവെച്ച് കൊന്നത്.
പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐ ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനം നടത്താൻ ആരംഭിച്ച സംഘടനയാണ് അൽ ബദർ. ഭീകര പ്രവർത്തനത്തിന് ചാവേറിനെ ഉപയോഗിക്കുന്ന സംഘടനകളിലൊന്നായിരുന്നു അൽ ബദർ. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ ഇടപെടൽ മൂലം അൽ ബദറിന്റെ ഭീകരർ കൊല്ലപ്പെടുകയും ഭീകര സംഘടന പതിയെ നിർജീവമാവുകയുമായിരുന്നു.
ഭീകര സംഘടന നിർജീവമായതോടെ സയ്യദ് ഖാലിദ് റാസയെ ഐ.എസ്.ഐ സംരക്ഷിക്കുകയും കറാച്ചിയിൽ സുരക്ഷിത മേഖലയിൽ അധിവസിപ്പിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരികെയാണ് റാസ കൊല്ലപ്പെട്ടത്. ഐ.എസ്.ഐയുടെ മൂക്കിനു താഴെ നടന്ന കൊലപാതകം പാകിസ്താനെ ഞെട്ടിച്ചിരിക്കുകയാണ്. കവർച്ചക്ക് വേണ്ടിയാണ് കൊലപാതകമെന്ന് പോലീസ് പറയുമ്പോഴും ഇയാളുടെ കയ്യിലുണ്ടായിരുന്ന എഴുപതിനായിരം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാകാഞ്ഞത് പോലീസ് വാദം തള്ളിക്കളയുന്നുണ്ട്.
Discussion about this post