മലപ്പുറം: യുപിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കൊടും ക്രിമിനലും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിനെ വിശുദ്ധനാക്കി കെടി ജലീൽ. ഗുണ്ടാ തലവൻ എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സർക്കാരും മാദ്ധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കിൽ വിചാരണ നടത്തി തൂക്കുകയർ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? യോഗിക്കും ബിജെപിക്കും എതിര് നിൽക്കുന്നവരെ കൊന്നുതള്ളുന്ന ‘ജംഗിൾരാജ്’ എവിടെച്ചെന്ന് അവസാനിക്കും? തുടങ്ങിയ ചോദ്യങ്ങളോടെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ അതീഖ് അഹമ്മദിനെയും സഹോദരനെയും അവരുടെ കുറ്റകൃത്യങ്ങളെയും ജലീൽ പൂർണമായി വെളളപൂശുകയാണ്.
തെരുവിൽ വെടിയേറ്റു വീണ അതീഖ് അഹമ്മദും സഹോദരനും? എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. അതീഖിന്റെ മരണത്തെ മഹാത്മാഗാന്ധിയുടെ മരണവുമായി പോലും കൂട്ടിയോജിപ്പിക്കുന്നുണ്ടെന്നതാണ് ഏറെ കൗതുകം. മഹാത്മാഗാന്ധിയെ ഇക്കൂട്ടർ വെടിവെച്ച് കൊന്നത് ഏത് കൊലപാതക കേസിൽ പ്രതിയായിട്ടാണെന്നാണ് ജലീലിന്റെ പരാമർശം. ഒപ്പം ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും ഗൗരി ലങ്കേഷിനെയുമൊക്കെ ജലീൽ കൂട്ടുപിടിക്കുന്നു.
പ്രത്യയശാസ്ത്ര എതിരാളികളെയും രാഷ്ട്രീയ എതിരാളികളെയും കൊന്ന് കൊലവിളിക്കാൻ സംഘപരിവാറുകാർക്ക് കൊലക്കേസിലൊന്നും പ്രതിയായിക്കൊള്ളണമെന്നില്ലെന്നാണ് ജലീലിന്റെ മറ്റൊരു കണ്ടുപിടുത്തം. അതീഖ് അഹമ്മദിന്റെ പഴയ പ്രസംഗത്തിന്റെ വീഡിയോയും അതിലെ വാക്കുകളും ജലീൽ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രസംഗത്തിലെ വാചകങ്ങൾ കുറിച്ചാണ് പോസ്റ്റ് തുടങ്ങുന്നതും.
“മദ്രസ്സയിലോ സ്‌കൂളിലോ എവിടെപ്പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് ആർജിക്കണം. വലിയ ജോലി കിട്ടാൻ വേണ്ടിയിട്ടല്ല. ട്രക്ക് ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണെങ്കിലും വിജ്ഞാനം അനിവാര്യമാണ്. എനിക്ക് ദൈവം ഒരുപാട് കഴിവുകൾ തന്നു. പക്ഷെ വേണ്ടത്ര അറിവ് നേടാൻ സാധിച്ചില്ല. ആ ഒരവസ്ഥ നിങ്ങൾക്കുണ്ടാകരുത്” തുടങ്ങിയ വാക്കുകളാണ് പ്രസംഗത്തിൽ നിന്നെടുത്ത് ജലീൽ കുറിച്ചിരിക്കുന്നത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഭീഷണിയും ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഒരാളെ വിശുദ്ധീകരിക്കാനുളള ആസൂത്രിത നീക്കമായിട്ടാണ് ജലീലിന്റെ പോസ്റ്റിനെ വിലയിരുത്തുന്നത്.
അതീഖിന്റെ മരണത്തിന് യോഗി സർക്കാർ അവസരമൊരുക്കിയെന്ന ജലീലിന്റെ ആരോപണവും ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കും. ഒരേ സമയം ഇഡിയുടെ 15 സംഘമാണ് അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചത്. തന്റെ എതിരാളിയായ അതീഖിന്റെ കുടുംബത്തെ എത്ര ക്രൂരമായാണ് യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തതെന്ന് ജലീൽ ചോദിക്കുന്നു. ഒരു മകനെ വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നു. രണ്ടു ആൺമക്കളെ നേരത്തെ തന്നെ പല കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭാര്യയെ കേസുകളിൽ കുടുക്കി അറസ്റ്റിന് ശ്രമിച്ചു. അവർ ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെ പോലീസ് പിടിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. തുടങ്ങിയ കാര്യങ്ങളാണ് ജലീൽ പരാമർശിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട അതീഖിന്റെ മകന്റെ കൈവശം തോക്കുണ്ടായിരുന്നതോ കൈയ്യിൽ പണം ഉണ്ടായിരുന്നതോ ജലീൽ പരാമർശിക്കുന്നില്ല. അതീഖിനെ രക്ഷപെടുത്തുമെന്ന് വെല്ലുവിളിച്ച മകൻ അസദ് പോലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
എല്ലാ പഴുതുകളും അടച്ച ശേഷം കയ്യാമം വെച്ച് പോലീസ് അകമ്പടിയിൽ കൊണ്ടുപോകവെ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലാൻ ‘സ്വന്തക്കാർക്ക്’ സാഹചര്യമൊരുക്കിയെന്നാണ് ജലീലിന്റെ ആരോപണം. ഒരു ഏകാധിപത്യ രാജ്യത്ത് പോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യു.പി യിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും ജലീൽ പറയുന്നു.
അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂർ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേർ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സർക്കാർ അവർക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ട് കെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്റെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തതെന്നും ജലീൽ ചോദിക്കുന്നു.
Discussion about this post