ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി സുരക്ഷാ സേന. വാർ മൊഹല്ല ഗുണ്ട് ബ്രട്ട് സ്വദേശി ഒവൈസ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. സോപോരിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരാക്രമണ കേസിൽ പ്രതിയായ ഒവൈസ് സോപോരിലെ ദാംഗെർപുരയിൽ ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെ രഹസ്യ കേന്ദ്രത്തിൽ ആയിരുന്നു ഒവൈസ് കഴിഞ്ഞിരുന്നത്. ഒവൈസ് ഉണ്ടെന്ന് മനസ്സിലാക്കിയ സുരക്ഷാ സേന കേന്ദ്രം വളഞ്ഞു.
സുരക്ഷാ സേനയെ കണ്ടതും ഇവരെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ആയിരുന്നു ഇയാളുടെ ശ്രമം. എന്നാൽ സുരക്ഷാ സേന പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്.
പിസ്റ്റലുകൾ, മഗസീനുകൾ, ചൈനീസ് ഗ്രനേഡുകൾ, മറ്റ് സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചില രഹസ്യ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ആയുധങ്ങളും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി അനന്തനാഗിൽ ലഷ്‌കർ ഇ ത്വയ്ബയുടെ രഹസ്യ കേന്ദ്രം സുരക്ഷാ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരൻ പിടിയിലാകുന്നത്.
Discussion about this post