തഞ്ചാവൂർ : എൽ.ടി.ടി.എ മേധാവി വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിൾസ് നേതാവ് പി. നെടുമാരൻ. പ്രഭാകരൻ ഉടൻ പൊതു രംഗത്തേക്ക് എത്തും. തമിഴ് ഈഴത്തിനായി പുതിയ പ്രഖ്യാപനം നടത്തുമെന്നും നെടുമാരൻ. തഞ്ചാവൂരിൽ വെച്ചാണ് നെടുമാരന്റെ അമ്പരപ്പിക്കുന്ന പ്രസ്താവന.
രജപക്ഷേ യുഗം അസ്തമിച്ചതോടെ പ്രഭാകരന് പ്രത്യക്ഷപ്പെടാനുള്ള ശരിയായ സാഹചര്യമാണെന്ന് നെടുമാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രഭാകരനായി ലോക തമിഴ് ജനത ഒന്നിക്കണം. എല്ലാവരും ഒരുമിച്ച് പ്രഭാകരന് പിന്തുണ നൽകണം. പ്രഭാകരനെ പിന്തുണയ്ക്കാൻ തമിഴ്നാട് സർക്കാരിനോടും നെടുമാരൻ ആവശ്യപെപ്ട്ടു. പ്രഭാകരന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നെടുമാരൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുഖ വിവരങ്ങൾ കൃത്യമായി തന്നെ അറിയിക്കുന്നുണ്ട്. പ്രഭാകരന്റെ അനുവാദത്തോടെയാണ് ഈ വിവരം മാദ്ധ്യമങ്ങളെ അറിയിക്കുന്നതെന്നും നെടുമാരൻ പറഞ്ഞു.
അതേസമയം പ്രഭാകരൻ എവിടെ എന്ന ചോദ്യത്തിന് നെടുമാരൻ വ്യക്തമായ ഉത്തരം പറഞ്ഞില്ല. അക്കാര്യം അറിയാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു നെടുമാരന്റെ മറുപടി.
ശ്രീലങ്കൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2009 ൽ പ്രഭാകരൻ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്. എൽ.ടി.ടി.ഇ നേതാക്കൾ ഇത് സമ്മതിച്ചതുമാണ്. പ്രഭാകരന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post