തിരുവനന്തപുരം: മങ്കിപോക്‌സ് രോഗം ് മലപ്പുറത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. യുഎഇയില്‍ നിന്നും വന്ന ആള്‍ക്കാണ് മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചത്.
എന്താണ് എം പോക്‌സ് അഥവാ മങ്കിപോക്സ്
മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകരുകയും എന്നാല്‍ പിന്നീട് ഈ വൈറസിനുള്ളില്‍് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നുപിടിക്കുന്ന രീതിയിലേക്കു വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്സ്. ഇരട്ട വരികളുള്ള ഡിഎന്‍എ വൈറസായ മങ്കിപോക്സ് വൈറസാണ് എംപോക്സ് രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്തുനിന്നു ഒരുകാലത്ത് തുടച്ചുനീക്കിയ വസൂരി (സ്മാള്‍ പോക്‌സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്സ് വൈറിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വൈറസാണിത്.
ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തില്‍ അതില്‍ ഏതാനും ഉപവകഭേദങ്ങളും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്‌സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയര്‍ന്നതുമായ ക്ലേഡ് 1, കോംഗോ ബേസിന്‍ വകഭേദമാണ് ലോകമെങ്ങും പകരുന്നതെന്ന വസ്തുത ആശങ്കാജനകമാണ്.
രോഗലക്ഷണങ്ങള്‍ക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ആയതിനാല്‍ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് രോഗലക്ഷണങ്ങള്‍ക്ക് അടുത്ത സാമ്യമുണ്ട്. ചര്‍മത്തില്‍ പ്രതൃക്ഷപ്പെടുന്ന 2-4 ആഴ്ചവരെ നീണ്ടുനില്‍ക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണര്‍പ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി വിലയിരുത്തുന്നത്
കഴിഞ്ഞ മാസം എംപോക്‌സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 120ലേറെ രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 220ലേറെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
Discussion about this post