കൊച്ചി: യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലെ ലൈവിലൂടെയാണ് മേജർ രവി ഇക്കാര്യം പങ്കുവെച്ചത്. യുപിയിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തെക്കുറിച്ച് ഒരാളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിങ്ങൾ കാണാത്ത ഒരു യുപി ഞാൻ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് മേജർ രവി ഇക്കാര്യം പറഞ്ഞത്.
എന്റെ ഒരു സുഹൃത്ത് കേണൽ അശോകൻ ഹരിയാന ഗവർണറുടെ എഡിസി ആയിരുന്നു. അവിടുത്തെ പോസ്റ്റിങ് കഴിഞ്ഞപ്പോൾ അവിടെ അദ്ദേഹത്തിന്റെ സ്ഥലം വിറ്റ് കിട്ടിയ ഏഴര ലക്ഷം രൂപ പണമായി വീട്ടിൽ കൊണ്ടുവെച്ച് കുട്ടിയെ സ്‌കൂൾ നിന്ന് വിളിക്കാൻ പോയി തിരിച്ചുവന്നപ്പോൾ പണം കണ്ടില്ല. വീട്ടിൽ സഹായിയായി നിന്ന ആളെയും കാണാനില്ല. പോലീസിൽ അറിയിച്ച് അവന്റെ നാടായ യുപിയിൽ പോയി. അന്ന് മുലായം സിങ് യാദവ് ആയിരുന്നു അവിടെ മുഖ്യമന്ത്രി.
അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവിടെ ചെല്ലുമ്പോൾ മോഷണം നടത്തിയ സഹായി അവിടെ നിൽക്കുന്നതാണ് കണ്ടത്. ഇവരെ കണ്ടതോടെ അയാൾ ഒളിച്ചു. മുലായം സിങ് യാദവിന്റെ അടുത്ത് ഇക്കാര്യം പറഞ്ഞപ്പോൾ അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണെന്നും ഒരേപോലെ മുഖമുളള എത്ര ആൾക്കാരുണ്ടെന്നും ആയിരുന്നു മറുപടി. ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് മടക്കി. ഇതായിരുന്നു അന്നത്തെ യുപി, ഗുണ്ടായിസത്തിന്റെ അങ്ങേയറ്റം മേജർ രവി പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ ആസ്തി ആയിരക്കണക്കിന് കോടികളാണ്. നക്കാനും തുപ്പാനും ഇല്ലാതിരുന്ന ഒരുത്തൻ വന്ന് ഇത്രയും ആസ്തി ഉണ്ടാക്കണമെങ്കിൽ ഗുണ്ടായിസം, പിടിച്ചുപറി ഇതൊക്കെ ആയിരുന്നുവെന്ന് വ്യക്തമാണ്. അതിനുളള ഉത്തരങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നതും. കെപിഎസ് ഗില്ലിനെപ്പോലുളള ഒരു ഉദ്യോഗസ്ഥൻ വന്നതുകൊണ്ടാണ് പഞ്ചാബിലെ തീവ്രവാദം അവസാനിപ്പിക്കാനായത്.
യുപിയിൽ യോഗി അധികാരത്തിലെത്തിയ ഉടനെ പോലീസുകാർക്ക് വയർലെസിലാണ് മെസേജ് കൊടുത്തത്. ഐപിസി എനിക്ക് അറിയില്ല, അത് നിങ്ങൾക്കേ അറിയൂ. ഞാൻ മുഖ്യമന്ത്രിയാണ്. അതുവെച്ച് എങ്ങനെ കുറ്റകൃത്യങ്ങളെ നേരിടണമെന്ന് നിങ്ങൾക്കേ അറിയൂ നേരിട്ടോളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ന് യുപിയിലെ മുസ്ലീങ്ങൾ പോലും സന്തോഷത്തിലാണ് കാരണം, ഗുണ്ടായിസം ഇല്ല മേജർ രവി പറഞ്ഞു.
Discussion about this post